മുറാദാബാദ്: മുറാദാബാദില്‍ കഴിഞ്ഞ ദിവസം സംഘപരിവാര പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന മുസ്ലിം യുവാവിനെതിരേ കേസെടുത്തു യുപി പോലീസ്. (Muslim Youth Killed in Muradabad: Case Filed Against Assault) അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട സുഹൃത്തിനെ പശുവിനെ അറുത്ത് എന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേ സമയം, 37കാരനെ ക്രൂരമായി അടിച്ചുകൊന്ന ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇപ്പോഴും പുറത്ത് വിലസുന്നു.
|
കൊല്ലപ്പെട്ട ഷാഹിദീന്‍ ഖുറേഷിക്കും സുഹൃത്ത് മുഹമ്മദ് അദ്‌നാനും(29) എതിരേ സ്വമേധയാ കേസെടുത്തതായി മജോല സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ മോഹിത് ചൗധരി ഇന്ത്യന്‍ എക്‌സ്പസിനോട് പറഞ്ഞു. പശുവിനെ അറുത്തതിനാണ് കേസ്.
ഖുറേഷിയുടെ സഹോദരന്റെ പരാതിയില്‍ അജ്ഞാതര്‍ക്കെതിരേ നരഹത്യയ്ക്കും കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ALSO READ: പശുവിന്റെ പേരില്‍ വീണ്ടും ഭീകരത; മുസ്ലിം യുവാവിനെ ബജ്‌റംഗ് ദള്‍ ഗുണ്ടകള്‍ അടിച്ചു കൊന്നു
ഗുരുതരമായ പരിക്കുകളോടെ മുറാദാബാദ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഖുറേഷി തിങ്കളാഴ്ച്ച വൈകുന്നേരമാണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരമാണ് സുഹൃത്ത് അദ്‌നാനെ അറസ്റ്റ് ചെയ്തത്.
ഖുറേഷിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ലെന്ന് അഡീഷനല്‍ പോലീസ് സൂപ്രണ്ട് കുമാര്‍ റാണ്‍ വിജയ് സിങ് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ കാളയെ അറുത്തുവെന്ന് അദ്‌നാന്‍ സമ്മതിച്ചതായി പോലീസ് അവകാശപ്പെട്ടു. സമപീവാസികള്‍ ഇത് കണ്ടതിനെ തുടര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നും എന്നാല്‍, അദ്‌നാന്‍ ഓടി രക്ഷപ്പെട്ടുവെന്നും സിങ് പറഞ്ഞു.
ഖുറേഷിയെ ബജ്‌റംഗ് ദള്‍ അക്രമികള്‍ വടികളും മറ്റും ഉപയോഗിച്ച് ബോധം നഷ്ടപ്പെടും വരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പോലീസെത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രാത്രിയോടെ മരിച്ചു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ബോഡിബില്‍ഡറായ ഖുറേഷി നിരവധി മല്‍സരങ്ങളില്‍ പങ്കെടുക്കുകയും ചാമ്പ്യനാവുകയും ചെയ്തിട്ടുണ്ട്. മരിച്ച ഖുറേഷിക്കു ഭാര്യയും 13ഉം 11ഉം 9ഉം വയസ്സുള്ള മൂന്ന് മക്കളുമുണ്ട്.
ഒരു മൃഗത്തെ കൊന്നുവെന്ന് പറഞ്ഞ് ഒരു മനുഷ്യന്റെ ജീവനെടുക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്ന് ഖുറേഷിയുടെ ഭാര്യ റിസ്വാന ചോദിച്ചു. നിയമം കൈയിലെടുക്കാന്‍ അവര്‍ ആരാണ്? എന്റെ ഭര്‍ത്താവിനോട് ചെയ്തത് വലിയ ക്രൂരതയാണ്- റിസ്വാന പറഞ്ഞു.
അതേസമയം, ഖുറേഷിയുടെ മരണം ആള്‍ക്കൂട്ടക്കൊലയായി കണക്കാക്കാനാവില്ലെന്ന് അഡീഷനല്‍ പോലീസ് സൂപ്രണ്ട് കുമാര്‍ റാണ്‍ വിജയ് സിങ് അവകാശപ്പെട്ടു. ജാതിയുടെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ ഒരാള്‍ കൊല്ലപ്പെടുന്നതാണ് ആള്‍ക്കൂട്ടക്കൊലയുടെ സാങ്കേതിക നിര്‍വചനമെന്നും എന്നാല്‍, ഇവിടെ ആള്‍ക്കൂട്ടത്തിന് ഖുറേഷിയുടെ മതം ഏതാണെന്ന് അറിയില്ലായിരുന്നുവെന്നും സിങ് ചൂണ്ടിക്കാട്ടി.
എന്നാല്‍, ഖുറേഷിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘപരിവാരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ജയ് ശ്രീറാം വിളിച്ചു കൊണ്ടാണ് അക്രമം നടത്തുന്നതെന്ന് കൃത്യമായി കാണാം.





