ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നതിനിടെ ഗസയില്‍ അധിനിവേശ സൈന്യത്തിന് കനത്ത തിരിച്ചടി. ഹമാസ് സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സും ഇസ്ലാമിക് ജിഹാദ് മൂവ്‌മെന്റിന്റെ അല്‍ ഖുദ്‌സ് ബ്രിഗേഡും സംയുക്തമായാണ് തെക്കന്‍ ഗസയില്‍ ഇസ്രായേല്‍ സൈന്യത്തെ വിറപ്പിച്ചത്.
|
ഒരു വീട്ടിനകത്ത് തമ്പടിച്ച സൈനികരെ മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തു.
ഖാന്‍ യൂനുസിന് സമീപമുള്ള സനാത്തി ഏരിയയില്‍ ഖസ്സാം ഒളിപ്പോരാളികളുടെ വെടിയേറ്റ് ഇസ്രായേലി സൈനികന് ഗുരുതര പരിക്കേറ്റു. ജബലിയയില്‍ ഇസ്രായേലി സൈന്യത്തിന്റെ കവചിത വാഹനവും മെര്‍ക്കാവ ടാങ്കും കുഴിബോംബും സ്യൂയിസൈഡ ബോംബും ഉപയോഗിച്ച് തകര്‍ത്തതായും അല്‍ ഖസ്സാം അറിയിച്ചു.
തെക്കന്‍ ഗസയില്‍ കിഫര്‍ ബ്രിഗേഡില്‍പ്പെട്ട സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേലി സൈന്യം സ്ഥീരികരിച്ചു. ജബലിയക്ക് കിഴക്കുള്ള അല്‍ സിക്ക സ്ട്രീറ്റിലും കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ഇവിടെ നടന്ന വന്‍ സ്‌ഫോടനത്തില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ന്നു.
അതിനിടെ, അല്‍ ഖറാറ മുനിസിപ്പാലിറ്റിക്ക് സമീപം ഒരുമിച്ച് കൂടിയ ഇസ്രായേലി സൈനികര്‍ക്കു നേരെ അല്‍ ഖുദ്‌സ് പോരാളികള്‍ 60എംഎം മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. തെക്കന്‍ ഖാന്‍ യൂനുസിലെ അല്‍ മനാറയിലുള്ള അല്‍ ഹുദാ മസ്ജിദിന് സമീപം സൈനിക വാഹനം തകര്‍ത്തതായും അല്‍ ഖുദ്‌സ് അറിയിച്ചു. മുന്‍കൂട്ടി സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഗസാ സിറ്റിയലെ ശെജാഇയ്യയിലും അല്‍ ഖുദ്‌സ് പോരാളികളും അധിനിവേശ സൈനികരും തമ്മില്‍ കനത്ത ഏറ്റുമുട്ടില്‍ നടന്നു. നേര്‍ക്കുനേരെ നടന്ന ഏറ്റുമുട്ടലില്‍ നിരവധി സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഇവിടെ കിഫര്‍ ബ്രിഗേഡില്‍പ്പെട്ട മറ്റൊരു സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.
News summary: Al-Qassam and Al-Quds Brigades Strike Israeli Forces across Gaza


