മുംബൈ: ഉത്തര്‍പ്രദേശില്‍ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പ്രതിദിനം ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിച്ചേരുന്നത്. (Ambani family in Maha kumbh mela distributed special boxes) കാലുകുത്താന്‍ ഇടമില്ലാത്ത തിരക്കും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളും മുതല്‍ മേളയിലെത്തുന്ന സെലിബ്രിറ്റികള്‍ വരെ ഓരോ ദിവസവും വാര്‍ത്തയാണ്.
|
നടന്മാരും രാഷ്ട്രീയ പ്രമുഖരും സന്ദര്‍ശനം നടത്തിയ മഹാകുംഭമേളയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ശതകോടീശ്വരനും റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനുമായ മുകേഷ് അംബാനിയും കുടുംബവും. മുകേഷ് അംബാനിയുടെ അമ്മ കോകിലബെന്‍ അംബാനി, ആണ്‍മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി, മരുമക്കളായ ശ്ലോക, രാധിക, കൊച്ചുമക്കളായ പൃഥ്വി, വേദ എന്നിവരും പൂജകളില്‍ പങ്കെടുത്തിരുന്നു.
ഇവര്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌നാനം നടത്തിയതിനുശേഷം അംബാനി കുടുംബം നിരഞ്ജനി അഖാഡയില്‍ നിന്നുളള ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി കൈലാസാനന്ദ് ഗിരിജിയുടെ നേതൃത്വത്തില്‍ പ്രത്യേക ഗംഗാ പൂജയും നടത്തിയിരുന്നു.
പിന്നീട് പര്‍മാത്ത് നികേതന്‍ ആശ്രമം സന്ദര്‍ശിച്ചതിനുശേഷമാണ് കുടുംബം മടങ്ങിയത്. സന്ദര്‍ശന വേളയില്‍ അവിടെയുണ്ടായിരുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും ബോട്ടിലെ തൊഴിലാളികള്‍ക്കും കൈനിറയെ സമ്മാനം നല്‍കിയിരുന്നു.
ഓരോ പെട്ടിയിലായാണ് അംബാനിമാര്‍ സമ്മാനം നല്‍കിയത്. ആ പെട്ടികളില്‍ എന്തായിരുന്നു എന്നതാണ് പുതിയ ചര്‍ച്ച. പെട്ടികള്‍ നിറയെ മധുര പലഹാരങ്ങളായിരുന്നു. കൂടാതെ തീര്‍ത്ഥാടകര്‍ക്ക് വിഭവ സമൃദ്ധമായ അന്നദാനവും അംബാനികള്‍ നല്‍കുകയുണ്ടായി.
കുംഭമേളയിലെ ബോട്ട് ഓപ്പറേറ്റര്‍മാരുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി, ലൈഫ് ജാക്കറ്റുകളുടെ വിതരണവും അംബാനിമാര്‍ നടത്തിയിരുന്നു.


