25
Nov 2024
Wed
25 Nov 2024 Wed
Rijas M Siddique kaffiyeh

ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ ചിഹ്നമായ കഫിയ ധരിച്ചെത്തിയ യുവാവിന്റെ വീട്ടില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എത്തി. (Anti-terror squad raids home of young man who came to watch ISL wearing a kaffiyeh) എടിഎസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ആദ്യം തന്നെ ഫോണില്‍ ബന്ധപ്പെടുകയും പിന്നീട് വീട്ടിലെത്തുകയുമായിരുന്നുവെന്ന് ഫ്രീലാന്‍സ് ജേണലിസ്റ്റായ റിജാസ് എം സിദ്ദീഖ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബര്‍ ഏഴിന് കേരളാ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും തമ്മില്‍ നടന്ന മത്സരം വീക്ഷിക്കാനാണ് റിജാസ് കഫിയ ധരിച്ചെത്തിയത്. കഫിയ ധരിച്ചതിന്റെ പേരില്‍ റിജാസ്, അമീന്‍, അബ്ദുള്ള, മിതിലാജ് എന്നിവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.

തുടര്‍ന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും അഞ്ചുമണിക്കൂറോളം കസ്റ്റഡിയില്‍ വയ്ക്കുകയുമായിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച റിജാസിന്റെ എളക്കരയിലെ വീട്ടിലേക്ക് എടിഎസ് എത്തിയത്.

ALSO READ: ഒരു ചാനല്‍ പുറത്തുവിട്ടത് താന്‍ എഴുതാത്ത കാര്യങ്ങള്‍; ഡിസി ബുക്‌സിനെ പ്രിസിദ്ധീകരിക്കാന്‍ ഏല്‍പ്പിച്ചിട്ടില്ല; പുസ്തക വിവാദത്തില്‍ പ്രതികരിച്ച് ഇപി ജയരാജന്‍

റിജാസ് പറയുന്നതനുസരിച്ച്, ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഉമ്മ ഷീബ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മകന്‍ വിശ്വാസി ആണോയെന്നും ഏതൊക്കെ പുസ്തകങ്ങളാണ് വായിക്കുന്നതെന്നുമൊക്കെയായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം.

താന്‍ വീട്ടില്‍ രാഷ്ട്രീയം സംസാരിക്കാറുണ്ടോ എന്നും ഉമ്മയോട് ഉദ്യോഗസ്ഥര്‍ ചോദിച്ചതായി റിജാസ് പറഞ്ഞു. ഭയന്നുപോയതിനാല്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ തിരക്കാന്‍ ഉമ്മയ്ക്ക് സാധിച്ചില്ലെന്നും റിജാസ് പ്രതികരിച്ചു.

റിജാസിന് നവംബര്‍ 12ന് രാവിലെ 11.39 ഓടെയാണ് എടിഎസ് ഉദ്യോഗസ്ഥരുടെ ആദ്യ ഫോണ്‍ കോള്‍ ലഭിക്കുന്നത്. ബിനില്‍ എന്നാണ് ഉദ്യോഗസ്ഥന്‍ പരിചയപ്പെടുത്തിയതെന്നും തന്നെ നേരിട്ട് കാണണമെന്ന് അറിയിച്ചതായും റിജാസ് പറയുന്നു.

തിരക്കിലായതിനാല്‍ വൈകിട്ടോടുകൂടി കാണാമെന്നു മറുപടി നല്‍കിയ ശേഷം താന്‍ ഫോണ്‍ വച്ചുവെന്നും റിജാസ് പറഞ്ഞു. തുടര്‍ന്നാണ് എളമക്കരയിലെ കീര്‍ത്തിനഗറിലുള്ള വീട്ടിലേക്ക് രണ്ട് ഉദ്യോഗസ്ഥര്‍ എത്തിയത്.

പലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മയായ ‘ഫ്രണ്ട്‌സ് ഓഫ് പലസ്തീന്‍’ എന്ന സംഘത്തിന്റെ കണ്‍വീനറാണ് റിജാസ്. കൊച്ചി ജെഎന്‍എല്‍ സ്റ്റേഡിയത്തിനകത്തേക്ക് കയറാന്‍ വരി നില്‍ക്കുമ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കഫിയ ധരിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടി റിജാസിനെയും സുഹൃത്തുക്കളെയും തടഞ്ഞുവെച്ചത്. തുടര്‍ന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അഞ്ചുമണിക്കൂറോളം കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തിരുന്നു.

അന്ന് കൂട്ടത്തിലുണ്ടായിരുന്ന അമീന്‍ എന്ന യുവാവിനെ പിന്നീട് മലപ്പുറം ക്രൈം ബ്രാഞ്ച് ബന്ധപ്പെട്ടിരുന്നതായി റിജാസ് പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബ്ബ് സ്റ്റേഡിയത്തില്‍ നിരോധിച്ചിട്ടുള്ള വസ്തുക്കളില്‍ കഫിയ ഉള്‍പ്പെടുത്തിയിട്ടില്ല എന്നിരിക്കെയായിരുന്നു പോലീസിന്റെയും സുരക്ഷാ ജീവനക്കാരുടെയും നടപടി.

നേരത്തെ, കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മാധ്യമമായ മക്തൂബ് മീഡിയയില്‍ റിജാസ് എഴുതിയ റിപ്പോര്‍ട്ടിന്റെ പേരില്‍ പോലീസ് കലാപശ്രമത്തിന് കേസെടുത്തിരുന്നു. കളമശ്ശേരി സ്ഫോടനത്തില്‍ മുസ്ലിം യുവാക്കളെ അന്യായമായി കരുതല്‍ തടങ്കലില്‍വച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനായിരുന്നു പോലീസ് വേട്ട.