അവധി കഴിഞ്ഞ് ശ്രീനഗറിലേക്ക് പോവുന്നതിനുള്ള യാത്രയ്ക്കിടെ ടോള്‍ ബൂത്തിലെ കാലതാമസം ചോദ്യംചെയ്തതിന് സൈനികനെ തൂണിയില്‍ കെട്ടിയിട്ട് തല്ലി ടോള്‍ ബൂത്ത് ജീവനക്കാര്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.
|
ഉത്തര്‍പ്രദേശ് സ്വദേശിയായ കപില്‍ കവാദ് ആണ് ആക്രമിക്കപ്പെട്ടത്. അവധി കഴിഞ്ഞ് ജോലിസ്ഥലമായി ശ്രീനഗറിലേക്ക് പോവുന്നതിനായി ഡല്‍ഹി വിമാനത്താവളത്തിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ഭൂനി ടോള്‍ബൂത്തില്‍ നീണ്ട ക്യൂവില്‍ സൈനികന്‍ കുടുങ്ങിയത്. ക്യൂ ഏറെ നേരമായിട്ടും അഴിയാതെ വന്നതോടെ വിമാനം വൈകുമെന്ന ആശങ്കയില്‍ സൈനികന്‍ ടോള്‍ ബൂത്തിലെത്തി സംസാരിച്ചു.
ഇത് വാക്കേറ്റത്തിലെത്തിയതോടെ അഞ്ച് ടോള്‍ ബൂത്ത് ജീവനക്കാര്‍ ചേര്‍ന്ന് സൈനികനെ ആക്രമിക്കുകയായിരുന്നു. സൈനികനൊപ്പമുണ്ടായിരുന്നു ബന്ധുവിനും മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തിനിടെ സൈനികന്റെ കൈ തൂണിനു പിന്നിലേക്ക് വലിച്ചുപിടിക്കുകയും മറ്റുള്ളവര്‍ ഉരുളന്‍ വടിയെടുത്ത് അടിക്കുകയുമായിരുന്നു.
സൈനികന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ശേഷിക്കുന്ന അക്രമിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് സൂപ്രണ്ട് രാകേഷ് കുമാര്‍ മിശ്ര പറഞ്ഞു.
ALSO READ: യുവാവിന്റെ അഴുകിയ മൃതദേഹം വീപ്പയ്ക്കുള്ളില്‍; ഭാര്യയെയും മക്കളെയും കാണാനില്ല


