18
Apr 2023
Wed
18 Apr 2023 Wed

നെയ്പിദോ: ആഭ്യന്തര യുദ്ധം രൂക്ഷമായ മ്യാൻമറിൽ പട്ടാള ക്രൂരത. വടക്കുപടിഞ്ഞാറൻ ഗ്രാമത്തിൽ പട്ടാള ഭരണകൂടം നടത്തിയ വ്യോമാക്രമണത്തിൽ 100ലേറെ പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു. സാഗയിങ് മേഖലയിലെ കൻബാലു ടൗൺഷിപ്പിലെ പാസിഗി ഗ്രാമത്തിലാണ് ബോംബ് വർഷം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021ലാണ് സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തത്. ഇതോടെയാണ് രാജ്യത്ത് ആഭ്യന്തര യുദ്ധം ആരംഭിച്ചത്. പട്ടാള ഭരണകൂടത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ് നടക്കുന്ന മേഖലകളിലൊന്നാണ് സാഗയിങ്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ 150 ഓളം വരുന്ന ജനക്കൂട്ടത്തിന് നേരെ ഒരു യുദ്ധവിമാനം നേരിട്ട് ബോംബ് വർഷിച്ചതായി ദൃക്സാക്ഷി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും 20 മുതൽ 30 വരെ കുട്ടികളും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ പ്രാദേശികമായി രൂപീകരിച്ച സർക്കാർ വിരുദ്ധ സായുധ ഗ്രൂപ്പുകളുടെയും മറ്റ് പ്രതിപക്ഷ സംഘടനകളുടെയും നേതാക്കളും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മ്യാൻമറിൽ അടുത്തിടെയുണ്ടായ വലിയ ആക്രമണമാണിത്.ഭയാനകമായ അക്രമണമാണിതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേൽ പ്രതികരിച്ചു. നിരപരാധികളായ സിവിലിയന്മാരുടെ ജീവൻ അപഹരിച്ച് സൈനിക ഭരണകൂടം നടത്തിയ ക്രൂരതയുടെ റിപ്പോർട്ടുകൾ യൂറോപ്യൻ യൂനിയനെ ഞെട്ടിച്ചെന്ന് യൂറോപ്യൻ യൂനിയൻ വിദേശകാര്യ വക്താവ് നബീല മസ്സ്‌റാലി പറഞ്ഞു.