തൃശൂര്‍: തൃശൂർ എറവില്‍ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ മരിച്ച ഓട്ടോഡ്രൈവർ എടത്തിരിഞ്ഞി സ്വദേശി ജിതി(36)ന്റെ മൂന്നുവയസ്സുകാരനായ മകന്‍ അദ്രിനാഥ് ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അദ്രിനാഥ് മരിച്ചത്. ജിതിന്റെ ഭാര്യ നീതവും ഭാര്യാപിതാവ് കണ്ണനും ഗുരുതരാവസ്ഥയിൽ ചികിൽസയിൽ തുടരുകയാണ്.
|
ഒളരിയിലെ ആശുപത്രിയില്‍ അദ്രിനാഥിനെ ഡോക്ടറെ കാണിച്ചു മടങ്ങി വരുമ്പോഴായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ അപകടത്തിൽപെട്ടത്. രോഗിയുമായി വരുന്ന ആംബുലൻസ് കണ്ട് പരിഭാന്തനായ ജിതിൻ വാഹനം വെട്ടിച്ചുമാറ്റാൻ ശ്രമിക്കുകയും ഓട്ടോയുടെ വരവ് കണ്ട് വെട്ടിച്ചുമാറ്റിയ ആംബുലൻസിന്റെ മുന്നിലേക്ക് ഓട്ടോ എത്തിയതുമാണ് അപകടകാരണമായതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കിയിരുന്നു.
തൃശൂര്‍ – വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്ത് വ്യാഴം പുലര്‍ച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം. ജിതിൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ഓട്ടോ വെട്ടിപ്പൊളിച്ചായിരുന്നു യാത്രികരെ പുറത്തെടുത്തത്.





