ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതിര്‍ത്തി പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ അവാമി ലീഗ് നേതാവ് ഇസ്ഹാഖ് അലി ഖാന്‍ പന്നയെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ട്.(Awami League leader found dead in India, post-mortem says he was killed by suffocation) മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുടെ പാര്‍ട്ടി നേതാവാണ് പന്ന. ആഗസ്ത് 26 ന് വൈകുന്നേരം മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള വെറ്റില തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹം തിരിച്ചറിഞ്ഞത് പാസ്‌പോര്‍ട്ട് വഴിയാണ്.
|
പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പന്നയുടെ കണ്‍തടത്തിലും നെറ്റിയിലും മുറിവുകളുണ്ടായിരുന്നു. ഇത് കൊലപാതക ശ്രമത്തിനിടെ രക്ഷപെടാന്‍ ശ്രമിച്ചതാകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പന്നയുടെ മൃതദേഹം ഖിലിയത് സിവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ALSO READ: ‘ബ്രോ ഡാഡി’യുടെ സെറ്റില്‍ മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ചതായി നടി
ഈസ്റ്റ് ജയന്തിയാ ഹില്‍സ് പൊലീസ് മേധാവി ഗിരി പ്രസാദ് പറയുന്നതനുസരിച്ച്, ഡോണ ഭോയില്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ അകലെയാണ് പന്നയുടെ മൃതദേഹം കണ്ടെത്തിയത്. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് പന്ന മരിച്ചതെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു.
പന്നയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്ന് കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനുള്ള നടപടികള്‍ മേഘാലയ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് സൂപ്രണ്ട് ഗിരി പ്രസാദ് പറഞ്ഞു.
ബംഗ്ലാദേശ് ഛത്ര ലീഗിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും അയല്‍ രാജ്യത്തെ പിരോജ്പൂര്‍ ജില്ലയില്‍ നിന്നുള്ള അവാമി ലീഗിന്റെ പ്രമുഖ അംഗവുമായ പന്ന ആഗസ്ത് അഞ്ചിന് ശെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തെ തുടര്‍ന്ന് ഒളിവിലായിരുന്നു.





