26
Aug 2024
Fri
26 Aug 2024 Fri
raped

തിരുവനന്തപപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍വച്ച് തന്നെ മയക്കു മരുന്ന് നല്‍കി ബോധം കെടുത്തി പീഡിപ്പിച്ചതായി നടിയുടെ പരാതി.(The actress was drugged and tortured on the sets of ‘Bro Daddy’ movie)  അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മന്‍സൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് അതിജീവിത മലയാളം ചാനലിനോട് പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഎം ക്ലാപ്പന വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം ജെ കുഞ്ഞി ചന്തു എന്നയാളാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് അതിജീവിത ആരോപിക്കുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

പരാതി അറിഞ്ഞിട്ടും മന്‍സൂര്‍ റഷീദിനെ എമ്പുരാന്‍ സിനിമയുടെ ഭാഗമാക്കി. പിന്നീട് ഇയാളെ സിനിമയില്‍ നിന്ന് നീക്കിയെന്ന് അണിയറക്കാര്‍ അറിയിച്ചു. ഹൈദരാബാദ് പൊലീസ് മന്‍സൂര്‍ റഷീദിനെ അന്വേഷിച്ച് കേരളത്തില്‍ വന്നപ്പോള്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടിലടക്കം ഒളിവില്‍ കഴിഞ്ഞതിന് തെളിവ് കിട്ടിയിരുന്നു. ഫോണ്‍ ട്രാക്കിംഗ് രേഖകള്‍ അടക്കം ഇതിന് തെളിവായുണ്ടെന്നും പരാതിക്കാരി പറയുന്നു.

സിപിഎം ഉന്നതനേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും ആരും അനങ്ങിയില്ല. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍ എന്നിവരെ 2021-ല്‍ തന്നെ പരാതി അറിയിച്ചിരുന്നു. എന്നാല്‍, ഇവരാരും ഒരു തരത്തിലും നടപടിയെടുത്തില്ലെന്നും ഒരു മറുപടിയും തന്നില്ലെന്നും അതിജീവിത പറയുന്നു.

ALSO READ: തമിഴ് സിനിമയിലും തുറന്നു പറച്ചില്‍; ബാലതാരമായിരിക്കേ ദുരനുഭവം നേരിട്ടതായി നടി; പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത പലരും ആത്മഹത്യ ചെയ്തു

നാട്ടില്‍ തനിക്കും കുഞ്ഞിനുമെതിരെ വളരെ മോശം രീതിയില്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ സഹായത്തോടെ ദുഷ്പ്രചാരണം നടത്തി. ഹൈദരാബാദില്‍ പരാതി നല്‍കിയതിന്റെ പക വീട്ടാന്‍ മന്‍സൂര്‍ റഷീദ് തന്റെ കുടുംബജീവിതവും തകര്‍ത്തു. നിലവില്‍ ഹൈദരാബാദില്‍ ജീവിക്കുന്നത് ജീവഭയത്തോടെയെന്നും പരാതിക്കാരി പറയുന്നു.

കുഞ്ഞിനെയും തന്നെയും മന്‍സൂര്‍ കൊല്ലുമോ എന്ന് പേടിയുണ്ടെന്നും, വിലാസം പോലും ആരോടും പറയാതെയാണ് തെലങ്കാനയില്‍ ജീവിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

നാട്ടില്‍ വിവാഹമോചനക്കേസ് നടത്താന്‍ പോലും അഭിഭാഷകരെ കിട്ടാത്ത സാഹചര്യമാണ്. മന്‍സൂര്‍ പാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തിയാണ് ഹൈദരാബാദിലെ ഹോട്ടലില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രധാനതാരങ്ങള്‍ ഒഴികെ സിനിമയിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്.

പ്രൊഡക്ഷന്‍ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പില്‍ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചതാണെന്നും ഇന്ന് തന്നെ പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നല്‍കുമെന്നും പരാതിക്കാരി പറഞ്ഞു.

തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിക്ക് ഇന്ന് മെയില്‍ വഴി പരാതി നല്‍കും. ഹൈദരാബാദിലെ പരാതിയുടെ വിശദാംശങ്ങള്‍ അടക്കം ഇതില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ അറിയിച്ചു.