തിരുവനന്തപുരം: നെടുമങ്ങാട് – കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയുടേതെന്ന സംശയം ബലപ്പെടുന്നു. കോളേജ് ഉടമ മുഹമ്മദ് അസീസ് താഹയുടെ മൊബൈലില്‍ നിന്നും ഒരു കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
|
സാമ്പത്തിക പ്രശ്‌നം ഉണ്ടെന്നും ആത്മഹത്യ ചെയ്യുമെന്നുമാണ് കുറിപ്പിലുള്ളത്. കുറിപ്പിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് മൊബൈലിലെ വിവരങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. മൊബൈല്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
ഡിഎന്‍എ പരിശോധന നടത്തും
അതേ സമയം, മൃതദേഹം ആരുടേത് എന്നറിയാനായി പൊലീസ് ഡിഎന്‍എ പരിശോധന നടത്തും. ഡിഎന്‍എ പരിശോധനാഫലം ലഭിച്ചശേഷമാകും തുടര്‍ നടപടികള്‍ ഉണ്ടാവുക. കൂടുതല്‍ ദൃക്‌സാക്ഷികളുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും.
കോളജില്‍ ഇന്നലെ ഡിപ്ലോമ പ്രോഗ്രാമിന്റേതടക്കം പരീക്ഷകള്‍ നടക്കുന്ന ദിവസമായിരുന്നു. മൃതദേഹത്തിനു സമീപത്ത് നിന്ന് കോളജ് ഉടമയും ചെയര്‍മാനുമായ കൊല്ലം സ്വദേശി മുഹമ്മദ് അബ്ദുല്‍ അസീസ് താഹയുടെ ഷൂസും ഫോണും കണ്ടെത്തിയതോടെ അഭ്യൂഹങ്ങള്‍ പ്രചരിച്ചു.
ALSO READ: പശുവിന്റെ പേരില്‍ വീണ്ടും ഭീകരത; മുസ്ലിം യുവാവിനെ ബജ്‌റംഗ് ദള്‍ ഗുണ്ടകള്‍ അടിച്ചു കൊന്നു
ഉടമയെ കാണാതായതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ചില ദിവസങ്ങളില്‍ കോളജ് വളപ്പില്‍ തന്നെയുള്ള മുറിയിലാണ് മുഹമ്മദ് അബ്ദുല്‍ അസീസ് താഹ താമസിച്ചിരുന്നതെന്ന് കോളജ് ജീവനക്കാര്‍ പറഞ്ഞു.
മരണം മൊബൈലില്‍ ചിത്രീകരിച്ചു?
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കസേരയില്‍ ചാരിവച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. മരണം ഫോണില്‍ ചിത്രീകരിച്ചതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഫൊറന്‍സിക് പരിശോധയ്ക്കായി ഫോണ്‍ കൈമാറും.
ഇന്നലെ രാവിലെ എട്ടോടെ കോളജിലെ സുരക്ഷാ ജീവനക്കാരന്‍ ജി.എസ്.ബിജുവാണ് മൃതദേഹം കണ്ടത്. കെട്ടിടത്തിനു താഴത്തെനിലയില്‍നിന്നു പുക ഉയരുന്നതുകണ്ട് സംശയം തോന്നി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

2 ദിവസം മുന്‍പ് പണം നല്‍കാനുള്ളവര്‍ കോളജില്‍ എത്തുകയും അബ്ദുല്‍ അസീസുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതെതുടര്‍ന്ന് ഇദ്ദേഹം വളരെ അസ്വസ്ഥനായി കാണപ്പെട്ടതായും അധ്യാപകര്‍ പറയുന്നു.
അധ്യാപകര്‍ക്ക് 4 മാസത്തെ ശമ്പളവും നല്‍കാനുണ്ട്. ഇതെക്കുറിച്ച് അധ്യാപകരും ഉടമയോടു പരാതിപ്പെട്ടെങ്കിലും പണമില്ലെന്നായിരുന്നു മറുപടി.
ഉള്ളതെല്ലാം വിറ്റു കോളജ് തുടങ്ങി
ഏറെക്കാലം വിദേശത്തായിരുന്ന മുഹമ്മദ് അബ്ദുല്‍ അസീസ് താഹ നാട്ടില്‍ എത്തിയ ശേഷം 2000 ലാണ് കോളജ് ആരംഭിച്ചത്.
ദുബയിലെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് അടക്കം പണം എടുത്താണ് കോളജിനുള്ള പണം കണ്ടെത്തിയത്.

തുടക്കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച കോളജ് ഇടയ്ക്കു സാമ്പത്തിക പ്രതിസന്ധിയിലായതോടെ അടച്ചിട്ടു. വീണ്ടും വായ്പയെടുത്താണ് പ്രവര്‍ത്തനം പുനഃരാരംഭിച്ചത്.
പ്രതിസന്ധികളെ അതിജീവിച്ച് വീണ്ടും മുന്നോട്ടു പോയെങ്കിലും പരാതികളെ തുടര്‍ന്ന് ആദായനികുതി വകുപ്പ് കോളജില്‍ പരിശോധനയ്‌ക്കെത്തി. ഉടമയുടെ വസ്തുക്കള്‍ ക്രമവിക്രയം ചെയ്യുന്നതു തടഞ്ഞതോടെ മുഹമ്മദ് അബ്ദുല്‍ അസീസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തുടങ്ങി.
കോളജ് അധ്യാപകരില്‍ നിന്നുള്‍പ്പെടെ പലരില്‍ നിന്നും വന്‍തുക കടം വാങ്ങി. ഡിപ്ലോമ കോഴ്‌സിനും മറ്റ് കോഴ്‌സുകളിലുള്‍പ്പെടെ ആകെ 350ല്‍പ്പരം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാകാനാണ് സാധ്യതയെന്ന് മന്ത്രി ജി ആര്‍ അനില്‍ ഇന്നലെ അറിയിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കടബാധ്യതയുള്ളതായി ഉടമ തന്നോട് പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.
കടബാധ്യതയെക്കുറിച്ച് പറഞ്ഞപ്പോള്‍ കോളേജ് സന്ദര്‍ശിക്കാം എന്ന് മറുപടി നല്‍കി. വയനാട് തിരഞ്ഞെടുപ്പും മറ്റ് തിരക്കുകളും കാരണം എത്താനായില്ല എന്നും മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.


