22
Aug 2022
Wed
22 Aug 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്‌ന: അവിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ രാജിവച്ച് ബീഹാർ സ്പീക്കർ വിജയ്കുമാർ സിൻഹ. തനിക്കെതിരായ അവിശ്വാസ പ്രമേയം നിയമസഭയിൽ വരുന്നതിന് തൊട്ടുമുമ്പാണ് ബിജെപി അംഗമായ സിൻഹയുടെ രാജി. 20 മിനിറ്റോളം നീണ്ട പ്രസംഗത്തിനിടയിലാണ് തന്റെ രാജിക്കാര്യം സിൻഹ വ്യക്തമാക്കിയത്. സ്പീക്കറെ സംശയിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നതെന്ന് സിൻഹ ചോദിച്ചു.

 

‘പ്രമേയത്തോട് പ്രതികരിക്കേണ്ടത് എന്റെ ബാധ്യതയായി മാറി. ചില അംഗങ്ങൾ എന്നെ ജനാധിപത്യവിരുദ്ധനെന്നും ഏകാധിപതിയെന്നും വിളിച്ചു. അതെനിക്ക് അംഗീകരിക്കാനാവില്ല- സിൻഹ പറഞ്ഞു. അവിശ്വാസ പ്രമേയം അവ്യക്തമാണ്. ഒമ്പത് പേരുടെ കത്ത് ലഭിച്ചതിൽ എട്ടെണ്ണം ചട്ടപ്രകാരമല്ലെന്നും സിൻഹ അവകാശപ്പെട്ടു.

 

നിതീഷ് കുമാറിന്റെ ജെഡിയു, എൻഡിഎ സഖ്യം വിട്ട് ആർജെഡിക്കൊപ്പം ചേർന്ന് മഹാസഖ്യ സർക്കാരായി അധികാരമേറ്റതിനു പിന്നാലെ സ്പീക്കർ രാജിവയ്ക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ ഈ ആവശ്യം സ്പീക്കർ മുഖവിലയ്ക്കെടുത്തില്ല. ഇതോടെ സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഭരണകക്ഷി തീരുമാനിക്കുകയായിരുന്നു.

 

അതേസമയം, പുതിയ സ്പീക്കറായി മുതിർന്ന ആർജെഡി നേതാവ് അവധ് ബിഹാരി ചൗധരി സ്ഥാനമേൽക്കുമെന്നാണ് വിവരം. 243 അംഗ ബീഹാർ നിയമസഭയിൽ 164 എംഎൽഎമാർ നിതീഷ് കുമാർ സർക്കാരിനെ പിന്തുണയ്ക്കുന്നതിനാൽ ഭൂരിപക്ഷം തെളിയിക്കുകയെന്നത് ഔപചാരികം മാത്രമാണ്. 241 അം​ഗങ്ങളുള്ള നിയമസഭയിൽ 121 എംഎൽഎമാരുടെ പിന്തുണയാണ് ഭൂരിപക്ഷം ലഭിക്കാൻ ആവശ്യം.