28
Apr 2024
Sat
28 Apr 2024 Sat
JAVADEKAR JAYARAJAN

തിരുനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പയറ്റി വിജയിച്ച പര്‍ച്ചേസിങ് രാഷ്ട്രീയം കേരളത്തിലേക്കും ഇറക്കുമതി ചെയ്ത് ബിജെപി. പണം കൊടുത്ത് പ്രലോഭിപ്പിച്ചും കേന്ദ്ര ഏജന്‍സികളെ കാട്ടി ഭീഷണിപ്പെടുത്തിയും ഇതര രാഷ്ട്രീയ നേതാക്കളെ വരുതിയിലാക്കുന്ന സംഘപരിവാര തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ ചുക്കാന്‍ പിടിക്കുന്നത് ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍. ( bjp-has-started-purchasing-politics-in-kerala-too-the-leaders-of-both-fronts-are-under-suspicion )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഈ ബാക്ക് ഡോര്‍ രാഷ്ട്രീയത്തിന്റെ നിരവധി തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. അതോടെ ഇടതുമുന്നണിയിലെയും വലതു മുന്നണിയിലെയും പ്രമുഖ നേതാക്കള്‍ പലരും സംശയത്തിന്റെ നിഴലിലായി. രാഷ്ട്രീയത്തിനപ്പുറം എല്ലാ മുന്നണികളിലെയും നേതാക്കളുമായി ബിസിനസ് ബന്ധങ്ങള്‍ സൂക്ഷിക്കുന്ന നേതാക്കളുടെ പേരുകളാണ് പുറത്തുവന്നവയില്‍ പലതും. ഇ പി ജയരാജനും പി കെ കുഞ്ഞാലിക്കുട്ടിയുമൊക്കെ ഈ ഗണത്തില്‍ പെടുന്നു.

ദല്ലാള്‍ നന്ദ കുമാര്‍ കുടം തുറന്ന വിട്ട ഭൂതത്തെ ശോഭ സുരേന്ദ്രന്‍ ഏറ്റെടുക്കുകയും ആരോപണങ്ങള്‍ പരോക്ഷമായെങ്കിലും സ്ഥിരീകരിക്കും വിധം ജയരാജന്‍ പ്രതികരിക്കുകയും ചെയ്തതോടെ വിഷയം വരുംദിവസങ്ങളില്‍ വലിയ ചര്‍ച്ചയാവും. ചീത്ത കൂട്ടുകെട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് പറഞ്ഞ് പിണറായി വിജയന്‍ പെട്ടെന്ന് തന്നെ ജയരാജനെ കൈയൊഴിഞ്ഞത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

ജയരാജനുമായി ചര്‍ച്ച നടത്തിയ കാര്യം സ്ഥിരീകരിച്ച് ഇന്ന് പ്രകാശ ജാവദേക്കര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ജയരാജനുമായി മാത്രമല്ല കേരളത്തിലെ വിവിധകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് ജാവദേക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എം.പിമാരുമായും ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് മാത്രമല്ല സി.പി.എം, സി.പി.ഐ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളില്‍ എന്താണ് തെറ്റെന്നും ജാവദേക്കര്‍ ചോദിക്കുന്നു. ഇ.പി. ജയരാജനുമായുളള കൂടിക്കാഴ്ചയെ കുറിച്ച് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

തന്റെ സാന്നിധ്യത്തില്‍ പ്രകാശ് ജാവദേക്കര്‍ ഇ.പി. ജയരാജനെ കണ്ടുവെന്നായിരുന്നു ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തിയത്. തൃശൂരില്‍ ഇടതുമുന്നണി സഹായിച്ചാല്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് ജാവദേക്കര്‍ ഇ.പിയോട് പറഞ്ഞു. പകരം എസ്.എന്‍.സി ലാവലിന്‍ കേസ്, സ്വര്‍ണക്കടത്ത് കേസ്, കരുവന്നൂര്‍ കേസ്, എക്‌സാ ലോജിക് കേസ് എന്നിവ സെറ്റില്‍ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തുവെന്നുമായിരുന്നു ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. 2026ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലേറാന്‍ ഇടതുപക്ഷത്തെ സഹായിക്കാമെന്നും ജാവദേക്കര്‍ വാഗ്ദാനം നല്‍കി. സിപിഎമ്മിനെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തൃശൂരില്‍ ജയിക്കുക എന്നതായിരുന്നു ബിജെപി ലക്ഷ്യമിട്ടത്.

ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലുകളോട് ഇ പി ജയരാജന്‍ കാര്യമായൊന്നും പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. നന്ദകുമാറിനെതിരേ കേസെടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം. തൃശൂരില്‍ സിപിഐ സീറ്റായതിനാല്‍ തങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാവില്ലെന്ന് ജയരാജന്‍ വ്യക്തമാക്കിയതോടെയാണ് ഈ ഡീല്‍ പൊളിഞ്ഞതെന്നും പറയപ്പെടുന്നു. ജയരാജനെ പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബി ഭീഷണിപ്പെടുത്തിയതും ചര്‍ച്ച മുന്നോട്ട് പോകാതിരിക്കാന്‍ കാരണമായെന്നും പറയപ്പെടുന്നു.

ഇതിന് പിന്നാലെയാണ് നരേന്ദ്ര മോദി കേരളത്തിലെ പ്രചാരണത്തില്‍ സിപിഎമ്മിനെ വ്യക്തമായി ആക്രമിച്ച് പ്രസംഗങ്ങള്‍ നടത്തിയതെന്നാണ് സൂചന. ആലത്തൂരിലും ആറ്റിങ്ങലിലും നടത്തിയ പ്രസംഗങ്ങളില്‍ മോദിയുടെ പ്രഭാഷണത്തില്‍ വലിയൊരു ഭാഗം ഇടതു മുന്നണിയെ ആക്രമിക്കാനാണ് ഉപയോഗിച്ചത്.

പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിവരെ ബിജെപി യിലെത്തിക്കാന്‍ ശോഭയെ പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ചുവെന്നും ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയെ ശോഭ സുരേന്ദ്രന്‍ കണ്ടു. ഒരു വിശ്വസ്തന്‍ മുഖേന കെ.മുരളീധരനേയും സമീപിച്ചിരുന്നു. എന്നാല്‍ നീക്കം പാളിയെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.

ഇതിനിടെ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച നടക്കും. ബി.ജെ.പി കൂറുമാറ്റ വിവാദത്തില്‍ പെട്ട ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്റെ നിലപാടുകള്‍ സജീവ ചര്‍ച്ചയാകും. നിലവില്‍, പാര്‍ട്ടിയിലും പുറത്തും ഒറ്റപ്പെട്ട നിലയിലാണ് ജയരാജനുള്ളത്. തിരഞ്ഞെടുപ്പിന്റെ തലേന്ന് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ കാര്യം ജയരാജന്‍ സ്ഥിരീകരിച്ചത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.