കൊല്ലം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ ബി.ജെ.പി നടത്തിയ യാഗത്തിനു ചെലവായത് മൂന്നു കോടിയിലേറെ രൂപ. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ അടക്കം 160 പുരോഹിതരുടെ കാര്‍മികത്വത്തിലായിരുന്നു തൃശൂര്‍ പാഞ്ഞാള്‍ തോട്ടത്തില്‍ മനയില്‍ മെയ് 12 മുതല്‍ 18 വരെ ‘മഹാകിരാതരുദ്രയജ്ഞ’ത്തിന്റെ ഭാഗമായ’സഹസ്ര ചണ്ഡികയാഗം’നടത്തിയത്. ബി.ജെ.പിയിലെ സുരേന്ദ്രപക്ഷക്കാര്‍ക്കൊപ്പം ചില വ്യവസായികളും യാഗത്തിനെത്തിയിരുന്നു.
|
അതേ സമയം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ’യാഗത്തിനെതിരേ ബി.ജെ.പിയില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ഒരുപ്രവര്‍ത്തനവും നടത്താതെ യാഗംകൊണ്ടെന്ത് അത്ഭുതം കാണിക്കാനാകുമെന്നാണ് സുരേന്ദ്രന്‍ വിരുദ്ധ പക്ഷമുയര്‍ത്തുന്ന ചോദ്യം. കഴിഞ്ഞ ദിവസം കോഴിക്കോടു ചേര്‍ന്ന യുവമോര്‍ച്ച പഠനശിബിരത്തില്‍ യാഗത്തെ വിചാരണ ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ സാന്നിധ്യത്തിലായിരുന്നു യാഗത്തിനെതിരായ വിചാരണ. കൊല്ലത്ത് കെ.സുരേന്ദ്രന്‍ വിരുദ്ധരുടെ കൂട്ടായ്മയായ അടല്‍ജി ഫൗണ്ടേഷന്റെ നേതൃത്വത്തിലും യാഗത്തിനെതിരെ പ്രചാരണം സജീവമാക്കിയിട്ടുണ്ട്.
കെ.സുരേന്ദ്രന്‍ ആദ്യാവസാനം യാഗത്തിലുണ്ടായിരുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ് രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, സെക്രട്ടറി എ.നാഗേഷ്, വി.വി രാജേഷ്, യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍, കെ.വി എസ് ഹരിദാസ് എന്നിവരെ കൂടാതെ ബിജെപി അഖിലേന്ത്യാ സെക്രട്ടറി അരവിന്ദ് മേനോനും യാഗത്തില്‍ പങ്കെടുത്തിരുന്നു.





