തൃശൂര്‍: ബിജെപിയുടെ തിരഞ്ഞെടുപ്പ് ചെലവിന് വേണ്ടി കോടികളുടെ കള്ളപ്പണം എത്തിയെന്ന ആരോപിക്കപ്പെടുന്ന കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം സംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇന്നുണ്ടായേക്കും. എന്നാല്‍, പോലീസിന്റെ തുടരന്വേഷണം ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള വെറും നാടകം മാത്രമാണെന്ന ആരോപണം ഉയരുന്നുണ്ട്.
|
കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച അന്വേഷണത്തില്‍ കേരള പോലീസിന് എന്ത് മാത്രം റോളുണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്. കേസില്‍ തുടരന്വേഷണത്തിന്റെ സാധ്യത സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. .
നിലവില്‍ കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പൊലീസ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പൊലീസിന് സാധ്യമാകില്ല. പബ്ലിക് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് പ്രധാനമായും അന്വേഷണം നടക്കേണ്ടത്. ഇത് ചെയ്യേണ്ടത് കേന്ദ്ര ഏജന്‍സികളാണ്. ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നതെന്നിരിക്കേ അക്കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നുമില്ലെന്നതാണ് വസ്തുത.
ALSO READ: കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങിയ അധ്യാപകന്‍ 17.38 ലക്ഷംരൂപയുടെ കള്ളനോട്ടുമായി പിടിയില്‍
കേസ് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തേ തന്നെ ഇഡിക്ക് കൈമാറിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. മാസങ്ങള്‍ക്കിപ്പുറവും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനോ മറ്റ് നിയമപരമായ നീക്കങ്ങള്‍ക്കോ സംസ്ഥാന സര്‍ക്കാരും തയ്യാറായിട്ടില്ല.
നിലവില്‍ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാല്‍ കോടതിയെ സമീപിച്ച് തുടര്‍നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനമായത്.
ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി-സിപിഎം ഡീല്‍ സംബന്ധിച്ച പ്രചാരണം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ തിരക്കിട്ട നീക്കം. തുടരന്വേഷണ പ്രഖ്യാപനത്തിലൂടെ പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കാമെന്നാണ് സിപിഎം കരുതുന്നത്.
ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വീണ്ടും കൊടകര കള്ളപ്പണക്കേസ് ചര്‍ച്ചയായത്. സതീഷിന്റെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും.
കൊടകര കുഴല്‍പ്പണ കേസ് അന്വേഷിച്ച പ്രത്യേക സംഘം തന്നെ മൊഴിയെടുത്ത് റിപ്പോര്‍ട്ട് തയാറാക്കും. നിലവില്‍ എഫ്ഐആര്‍ ഉള്ള കേസായതിനാല്‍ വെളിപ്പെടുത്തല്‍ പുതിയതാണെങ്കിലും വീണ്ടും എഫ്ഐആര്‍ ഇടാന്‍ പറ്റില്ല. സതീഷിന്റെ മൊഴിയെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഒപ്പം ഇഡിയ്ക്ക് വീണ്ടും കത്തയയ്ക്കും.
കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.
ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും രംഗത്തെത്തിയിരുന്നു.


