ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചില്‍ നടന്ന അങ്കോല ഹൊന്നാവറിന് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി. (body found at Shirur where Arjun went missing; DNA test will be done) അകനാശിനി ബാഡെയില്‍ കടലില്‍ ഒഴുകുന്ന നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
|
ഷിരൂരില്‍ നിന്ന് 60 കിലോമീറ്റര്‍ ചുറ്റളവിലാണ് ജീര്‍ണിച്ച ശരീരം ലഭിച്ചത്. പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചു. ഷിരൂര്‍ അപകടത്തില്‍പ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ അടക്കമുള്ള മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. അര്‍ജുന്‍, ലോകേഷ്, ജഗന്നാഥ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇതിനു പുറമേ കഴിഞ്ഞ ദിവസം ഈ പ്രദേശത്തുനിന്നും ഒരു മത്സ്യത്തൊഴിലാളിയെയും കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയതായി ഈശ്വര്‍ മാല്‍പെയും സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറിയിച്ചു.
വൈകുന്നരത്തോടെ അര്‍ജുന്‍ ഓടിച്ച ട്രക്കിന്റെ ഉടമ ഷിരൂരില്‍ എത്തും. ഈശ്വര്‍ മാല്‍പെയും പോലീസ് അല്‍പ്പ സമയത്തിനകം സ്ഥലത്തെത്തിച്ചേരും. ഇതിന് ശേഷം മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത് ബന്ധപ്പെട്ടവരെ കാണിച്ച് തിരിച്ചറിയാനാവുമോ എന്ന് പരിശോധിക്കും. ലഭിച്ച മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് സൂചന.
ALSO READ: അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നു; ഈശ്വര്‍ മാല്‍പെ ഇന്നിറങ്ങും
മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്.
പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഏഴ് നോട്ട്സ് ആണ് ഇപ്പോഴും ഗംഗാവലി നദിയിലെ അടിയൊഴുക്ക്. ഈ സാഹചര്യത്തില്‍ തിരച്ചില്‍ നടത്താനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. തിരച്ചില്‍ ദൗത്യം വൈകാതെ പുനഃരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കര്‍ണാടക പോലീസ് അനുമതി നല്‍കിയാല്‍ തിരച്ചിലിന് വീണ്ടും ഇറങ്ങാന്‍ തയ്യാറാണെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചിരുന്നു. എന്നാല്‍, അപകടകരമായ കാലാവസ്ഥയില്‍ അനുമതി നല്‍കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. തൃശൂരില്‍ നിന്ന് ഡ്രഡ്ജിങ് മെഷീന്‍ കൊണ്ടുവരുന്ന കാര്യവും പരിഗണിച്ചിരുന്നു. എന്നാല്‍, നദിയിലെ ഒഴുക്ക് കൂടുതലായതിനാല്‍ ഡ്രഡ്ജിങ് പ്രായോഗികമല്ലെന്നാണ് വിദഗ്ധരുടെ നിലപാട്.





