ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം പലത് കൊണ്ടും ശ്രദ്ധേയമാണ്. മലയാളി എഴുത്തുകാരുടെയും പ്രസാധകരുടെയും ഒട്ടനവധി പുസ്തകങ്ങള്‍ ഇത്തവണയും ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. സ്വന്തം പുസ്തകങ്ങളുടെ പ്രകാശനത്തിന് തയ്യാറായിരിക്കുന്ന അമ്മയും മകളും ഈ വര്‍ഷത്തെ പുസ്തകോത്സവത്തിലെ ശ്രദ്ധകേന്ദ്രമാകുന്നു. തേക്കടി സ്വദേശിനി സൗമ്യ പ്രവീണിന്റേയും മകളും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയുമായ അനാമിക പ്രവീണിന്റെയും പുസ്തകങ്ങള്‍ ഇത്തവണ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും.
|
അനാമിക എഴുതിയ മുപ്പതോളം ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ സോറോ ആന്‍ഡ് ഗ്ലീ എന്ന കവിതാ സമാഹാരം അനാമികയുടെ ജന്മദിനം കൂടിയായ നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12.30 നു ഷാര്‍ജാ പുസ്തകോത്സവം വേദിയിലെ ഹാള്‍ നമ്പര്‍ 7ലുള്ള റൈറ്റേഴ്സ് ഫോറത്തില്‍ വച്ച് പ്രകാശനം ചെയ്യപ്പെടും. മാക്ബത്ത് പബ്ലിക്കേഷന്‍ ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ഏകാന്തതയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടോടെയുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
ജീവിത നിമിഷങ്ങള്‍, വിഷാദം, ആനന്ദം, ജീവിക്കാനുള്ള തീവ്രമായ ആഗ്രഹം തുടങ്ങിയ പ്രമേയങ്ങളും മേഘങ്ങളും ആകാശവും സൂര്യാസ്തമയവുമെല്ലാം അനാമികയുടെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു. നല്ലൊരു നര്‍ത്തകിയും ചിത്രകാരിയും കൂടിയായ അനാമിക തന്നെയാണ് പുസ്തകത്തിന്റെ കവര്‍ ചിത്രം വരച്ചിരിക്കുന്നത്. പുസ്തകത്തില്‍ നിന്ന് കിട്ടുന്ന വരുമാനം പൂര്‍ണമായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നല്‍കാനാണ് അനാമികയുടെ തീരുമാനം. കോട്ടയം സ്വദേശി പ്രവീണ്‍ കൃഷ്ണയുടെയും സൗമ്യ പ്രവീണിന്റേയും മകളാണ് അനാമിക.അനാമികയുടെ അമ്മ സൗമ്യ പ്രവീണിന്റെ രണ്ടാമത്തെ പുസ്തകമായ അരളിപ്പൂക്കളിലാടും കാറ്റ് എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം നവംബര്‍ 10ന് പ്രകാശനം ചെയ്യും.





