|
ധാക്ക: ബംഗ്ലാദേശിൽ ഒളിച്ച് കളിക്കുന്നതിനിടെ കണ്ടെയ്‌നറിൽ കുടുങ്ങിയ കൗമാരക്കാരൻ മലേഷ്യയിൽ എത്തിപ്പെട്ടു. കണ്ടെയ്‌നർ അടങ്ങിയ കപ്പൽ ആറ് ദിവസത്തിന് ശേഷമാണ് മലേഷ്യയിൽ എത്തിയത്. പതിനഞ്ച് വയസുകാരനായ ബംഗ്ലാദേശ് സ്വദേശി ഫാഹിം ആണ് രാജ്യം വിട്ട് മറ്റൊരു രാജ്യത്തെത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെയാണ് ദിവസങ്ങളോളം കണ്ടയ്‌നറിലിരുന്ന് മറ്റൊരു രാജ്യത്തെത്തിയത്.
കണ്ടെയ്‌നറിനകത്ത് നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് ജീവനക്കാർ പരിശോധിക്കുകയായിരുന്നു. അവശനായി തളർന്ന ഒരു ബാലനെ കണ്ടെയ്‌നറിന്റെ ഉള്ളിൽ നിന്നും കണ്ടെത്തിയതായി മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവശനായ കുട്ടിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തു. ഫാഹിമിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കൂടാതെ നിയമപരമായ മാർഗത്തിലൂടെ കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ മനുഷ്യക്കടത്തല്ലെന്ന് കണ്ടെത്തിയതായി മലേഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തു.



