പാലക്കാട്: ആചാരത്തിന്റെ പേരിൽ നവ ദമ്പതികളുടെ തലകൾ തമ്മിൽ കൂട്ടിയിടിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് വരനും വധുവും. ഇത്തരം അനുഭവം ഇനി ആർക്കും ഉണ്ടാകാൻ പാടില്ലെന്ന് വധുവും വേദനിപ്പിച്ചുള്ള ആചാരങ്ങളോട് യോജിപ്പില്ലെന്ന് വരനും പ്രതികരിച്ചു. രണ്ടുദിവസം മുമ്പ് പാലക്കാട് പല്ലശ്ശനയിൽ നടന്ന വിചിത്ര ആചാരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഇരുവരും പ്രതികരണവുമായി രംഗത്തുവന്നത്.
|
പല്ലശ്ശന സ്വദേശിയായ സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശിനിയായ സജ്‌ലയുടെയും വിവാഹദിനത്തിലെ ആചാരത്തിന്റെ വിഡിയോയാണ് വൈറലായത്. ചടങ്ങിൽ പങ്കെടുത്ത അയൽക്കാരനായ മധ്യവയസ്‌കനാണ് ഇരുവരുടെയും തലമുട്ടിച്ചത്. തലമുട്ടിയതിന്റെ ആഘാതത്തിൽ യുവതി ഭിത്തിയിലേക്ക് ചേർന്ന് പോയി. ഇങ്ങനെയൊരു ചടങ്ങുണ്ടെന്നും ചെറുതായി തല മുട്ടുമെന്നും സച്ചിൽ, സജ്‌ലയോട് പറഞ്ഞിരുന്നു. എന്നാൽ ഇത്രയും ശക്തിയുണ്ടാകുമെന്ന് പ്രതിക്ഷിച്ചില്ലെന്നാണ് സജ്‌ല പറയുന്നത്.
‘അപ്രതീക്ഷിതമായിരുന്നു ആ ഇടി. ചേട്ടന്റെ അനിയത്തി ആദ്യമേ പറഞ്ഞിരുന്നു, വേദനിപ്പിച്ചുള്ള ആചാരം വേണ്ടായെന്ന്. അങ്ങനെ പറഞ്ഞത് കൊണ്ട് ഇങ്ങനെയുണ്ടാകില്ലെന്നാണ് ഞാൻ കരുതിയത്. സത്യത്തിൽ ആരുടെയും മുമ്പിൽ കരയാത്ത ആളാണ് ഞാൻ. പക്ഷേ ഇടി കിട്ടിയപ്പോൾ പകച്ചുപോയി. എന്റെ വീട്ടുകാരെയൊക്കെ മിസ് ചെയ്ത് ഓൾറെഡി കിളി പോയി ടെൻഷൻ ആയിപ്പോയ അവസ്ഥയിലായിരുന്നു. കല്യാണ ദിവസം സന്തോഷത്തോടെ ഭർതൃവീട്ടിൽ കയറണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഇടി കിട്ടിയതോടെ ആകെ കിളിപോയി. നല്ലവേദന എന്ന് പറഞ്ഞാൽ ഇപ്പോഴും വേദന മാറിയിട്ടില്ല. എവിടെയാണെന്ന് മനസ്സിലാകുന്നില്ല. ഇനി ഇതുപോലെ ഒരനുഭവം ഇനി വേറെ ആർക്കും ഉണ്ടാകരുത്- വധു പറഞ്ഞു.
‘അയൽവാസിയായിരുന്നു ഇടിച്ചത്. അദ്ദേഹത്തോട് ശേഷം സംസാരിച്ചിരുന്നു. ആ ഭാഗത്ത് ഇങ്ങനെയൊരു ആചാരം ഉണ്ടെന്നാണ് അവരൊക്കെ പറയുന്നത്. ഞാൻ ഇത് ഇതുവരെ കണ്ടിട്ടില്ല. വേദനിപ്പിച്ചിട്ടുള്ള ആചാരങ്ങളോട് യോജിപ്പില്ല,’ സച്ചിൻ പറഞ്ഞു.





