28
Aug 2024
Wed
28 Aug 2024 Wed
rice smuggling

വയനാട് ദുരന്തത്തില്‍ ഒരു വശത്ത് കേരളം മുഴുവന്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ മറുവശത്ത് സന്നദ്ധ പ്രവര്‍ത്തനത്തിന്റെയും ഫണ്ട് പിരിവിന്റെയും പേരിലുള്ള രാഷ്ട്രീയ പോരും മുറുകുകയാണ്. (Campaign that rice was smuggled from the Wayanad relief center; What is the fact?)
പ്രചരിക്കുന്നവയില്‍ നേരേത്, നുണയേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് ജനം. ദുരിതാശ്വാസ ക്യാമ്പില്‍ പഴകിയ ബ്രെഡ് വിതരണം ചെയ്തതായി ഒരു വിഭാഗം വാദിച്ചപ്പോള്‍ അന്നേ ദിവസം സര്‍ക്കാര്‍ ക്യാമ്പില്‍ വിതരണം ചെയ്തത് ഉപ്പ് മാവ് ആണ് എന്ന മറുപടിയുമായി മന്ത്രി എത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിന് പിന്നാലെയാണ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ അരി കടത്തിയെന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്.

പ്രചരിക്കുന്ന ഈ വീഡിയോക്കൊപ്പമുള്ള വിവരണത്തില്‍ പറയുന്നത് – ”വീണ്ടും പഴയപരിപാടി , രാത്രി ലൈറ്റ് ഓഫ് ചെയ്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് അരി കടത്തി കൊണ്ടു പോകാന്‍ വന്ന ലോക്കല്‍ സെക്രട്ടറി ഷാജിയേ അടക്കം പൊതുജനം നല്ല പൂശു പൂശി വിട്ടിട്ടുണ്ട് ….
എന്തിനീ കണ്ണീ ച്ചോരയില്ലാത്ത പ്രവൃത്തി” എന്നാണ്.

ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വസ്തുതാ പരിശോധനയില്‍ കണ്ടെത്തി. ഇപ്പോള്‍ നടന്ന സംഭവമെന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതാണ്. 2018 ആഗസ്തിലെ പ്രളയകാലത്ത് പരുമല പള്ളിയുടെ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ളതാണ് വയനാട്ടിലേതെന്ന പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ. നൂറുകണക്കിന് പേരാണ് അന്ന് ഈ ക്യാമ്പില്‍ ഉണ്ടായിരുന്നത്. ഇതിന് സമീപത്തായി മറ്റ് നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി പ്രവര്‍ത്തിച്ചിരുന്നു.

പള്ളിയുടെ ഓഡിറ്റോറിയത്തില്‍ തന്നെയായിരുന്നു മറ്റ് ക്യാമ്പുകളിലേക്ക് വേണ്ട ഭക്ഷ്യസാധനങ്ങളും സൂക്ഷിച്ചിരുന്നത്. ആവശ്യാനുസരണം ഇവിടെനിന്നു മറ്റ് മൂന്നിടത്തേക്കും സാധനങ്ങള്‍ എത്തിക്കുന്നതായിരുന്നു പതിവ്. അത്തരത്തില്‍ പാലച്ചോട് സ്‌കൂളിലെ ക്യാമ്പിലേക്ക് അരിയും മറ്റും കൊണ്ടുപോകുമ്പോഴായിരുന്നു പരുമല ക്യാമ്പിലെ ചിലര്‍ പ്രതിഷേധിച്ച് രംഗത്ത് വന്നത്. സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അരി കടത്തുന്നു എന്നായിരുന്നു ഇവരുടെ ആരോപണം.

അരി കൊണ്ടുപോകാന്‍ വാഹനവുമായെത്തിയവരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. അന്ന് ആ ക്യാമ്പുകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയിരുന്ന ഡൊമനിക് ജോസഫ് എന്നയാള്‍ പറയുന്നത്, ക്യാമ്പില്‍ താമസിച്ചിരുന്നവരില്‍ ചിലര്‍ക്കുണ്ടായ തെറ്റിദ്ധാരണയായിരുന്നു പ്രശ്നത്തിന് കാരണമെന്നാണ്.

പ്രശ്നം നടക്കുന്നതിന് തൊട്ടുമുന്‍പ് താന്‍ ഉള്‍പ്പടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഓഡിറ്റോറിയത്തില്‍നിന്ന് അരി ഉള്‍പ്പടെയുള്ള സാധനങ്ങള്‍, ഏതാനും കിലോമീറ്ററുകള്‍ അപ്പുറം സെന്റ് സെബാസ്റ്റ്യന്‍ കുരിശിടിക്ക് സമീപത്തുള്ള ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുപോയതായും ഡൊമനിക് ജോസഫ് പറഞ്ഞു.

അവശ്യസാധനങ്ങള്‍ക്കായി എത്തിയവരെ തടഞ്ഞത് കയ്യാങ്കളിയില്‍ എത്തയതോടെ സമീപത്തുണ്ടായിരുന്ന പോലീസ് സംഘവും ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വന്ന് പ്രതിഷേധിച്ചവരോട് കാര്യങ്ങള്‍ വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ഡൊമനിക് ജോസഫ് പറയുന്നതിന്റെ വസ്തുത എന്ത് തന്നെയായാലും പ്രചരിക്കുന്ന വീഡിയോക്ക് വയനാട് ദുരന്തവുമായി ഒരു ബന്ധവുമില്ല എന്നത് വ്യക്തമാണ്.