കോഴിക്കോട്: കേരള തീരത്തിന് സമീപം തീപിടിച്ച കപ്പല്‍ അപകടകരമായ പുകപുറത്ത് വിട്ട് കടലില്‍ ഒഴുകുന്നു. കപ്പലിലെ തീ ഇനിയും അണക്കാന്‍ കഴിഞ്ഞില്ല.
|
ഇതിനകം 50ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. ഒന്നിലേറെ പൊട്ടിത്തെറികള്‍ നടന്നതായും തീപടര്‍ന്ന് പിടിച്ചതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇനിയും സ്‌ഫോടന സാധ്യതയുള്ളതിനാല്‍ മറ്റു കപ്പലുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
22 തൊഴിലാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 പേര്‍ കടലില്‍ ചാടി. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാമ്. കപ്പല്‍ നിലവില്‍ മുങ്ങിയിട്ടില്ല. ഇന്ത്യന്‍ തീരത്ത് നിന്ന് വടക്കുപടിഞ്ഞാറോട്ട് ഗതി മാറ്റാന്‍ കോസ്റ്റ് ഗാര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്.
കപ്പലിലെ കണ്ടെയ്‌നറുകളില്‍ എന്താണുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. അപകടകരമായ ലിഥിയം ബാറ്ററികള്‍, വെടിമരുന്ന്, ആസിഡ് തുടങ്ങിയവയാണ് ഉള്ളത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉടമകളോട് ആവശ്യപ്പെട്ടു.
തീരസംരക്ഷണ സേനയുടെ അഞ്ച് കപ്പലുകളും നേവിയുടെ ഒരു കപ്പലും സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്. തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ ആവശ്യമായ തയാറെടുപ്പ് നടത്താന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
വന്‍തീപിടിത്തമാണ് ഉണ്ടായതെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. സിംഗപ്പുരില്‍ റജിസ്റ്റര്‍ ചെയ്തതാണ് അപകടമുണ്ടായ കപ്പല്‍. ചൈന, മ്യാന്‍മര്‍, ഇന്തൊനീഷ്യ, തായ്ലന്‍ഡ് പൗരന്‍മാരാണ് ജീവനക്കാര്‍.
20 വര്‍ഷം പഴക്കമുള്ള കപ്പലിന് 270 മീറ്റര്‍ നീളമുണ്ട്. ഏഴാം തീയതി കൊളംബോയില്‍നിന്നു പുറപ്പെട്ട കപ്പല്‍ പത്തിനു രാവിലെ ഒമ്പതരയോടെ മുംബൈയില്‍ ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖത്ത് എത്തേണ്ടതായിരുന്നു. കപ്പലില്‍ 650 ഓളം കണ്ടെയ്‌നറുകളുണ്ടെന്നാണ് സൂചന
News Summary: Singapore-flagged cargo ship catches fire off Beypore coast in Kerala; rescue mission underway


