26
Jun 2024
Sat
26 Jun 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: ബസ്സിൽവച്ചു മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്കിടിച്ച് തകർത്ത സംഭവത്തിൽ അമ്മയ്ക്കെതിരെയും പോലിസ് കേസെടുത്തു.
ദേഹോപദ്രവം ഏൽപ്പിച്ചു എന്ന പ്രതിയുടെ പരാതിയിൽ ആണ് വിദ്യാർഥിനിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയതിന് രാധാകൃഷ്ണപിള്ള (59) യ്ക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.

രാധാകൃഷ്ണപിള്ള പരാതിക്കാരിയുടെ അമ്മയ്ക്ക് നേരെയും കയ്യേറ്റശ്രമം നടത്തിയിരുന്നു. മകൾ പറഞ്ഞതിൻ പ്രകാരം കാര്യമന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു രാധാകൃഷ്ണപിള്ള വിദ്യാർഥിനിയുടെ അമ്മയേയും ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ അസ്ഥി വിദ്യാർഥിനിയുടെ അമ്മ അടിച്ചു തകർക്കുകയുമായിരുന്നു.

നെല്ലിമുകൾ ജംക്‌ഷനിൽ ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് ബസിൽ വീട്ടിലേക്ക് വരികയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയോടാണ് രാധാകൃഷ്ണപിള്ള മോശമായി പെരുമാറിയത്. തുടർന്ന് പെൺകുട്ടി അമ്മയെ ഫോൺ വിളിച്ച് വിവരം പറഞ്ഞു. സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയിൽ നിന്ന പ്രതിയോട് കാര്യം തിരക്കിയപ്പോൾ ഇയാൾ ഇവരെയും ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.