26
Jun 2024
Sat
26 Jun 2024 Sat
civil police officer suspended for attacking hotel

ആലപ്പുഴ: ആലപ്പുഴയില്‍ ഹോട്ടലിലേക്ക് ബൈക്ക് ഇടിച്ചു കയറ്റി അടിച്ചു തകര്‍ത്ത പൊലീസുകാരനെതിരേ വധശ്രമത്തിന് കേസ്. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആലപ്പുഴ വാടക്കല്‍ സ്വദേശി സിഎഫ് ജോസഫിനെതിരെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച മകന് ഭക്ഷ്യവിഷബാധയുണ്ടായി എന്നാരോപിച്ചായിരുന്നു അതിക്രമം. സംഭവത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ വകുപ്പ് തല നടപടിയെന്നു കോട്ടയം എസ്പി ജെ കാര്‍ത്തിക് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടുദിവസം മുന്‍പ് ആലപ്പുഴ കളര്‍കോടുള്ള അഹലന്‍ റസ്റ്റോറന്റില്‍ നിന്ന് കഴിച്ച കുഴിമന്തിയില്‍ നിന്ന് മകന് ഭക്ഷ്യവിഷബാധ ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു സിനിമാ സ്‌റ്റൈല്‍ അഭ്യാസം. ബൈക്കിനു മുന്‍പില്‍ വടിവാളുമായി എത്തി ഹോട്ടലിനുള്ളിലേക്ക് ഇടിച്ചു കേറ്റി ഹോട്ടല്‍ ആകെ അടിച്ചു തകര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത ആലപ്പുഴ സൗത്ത് പോലീസ് പ്രതിക്കെതിരേ വധശ്രമം അടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തി. പ്രതി സി എഫ് ജോസഫിനെ ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. മെഡിക്കല്‍ പരിശോധനയില്‍ പ്രതി മദ്യലഹരിയില്‍ ആയിരുന്നു എന്ന് തെളിഞ്ഞു. 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിയെന്ന് ഹോട്ടലുടമ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതിക്കെതിരെ ഇന്ന് കൂടുതല്‍ നടപടികള്‍ ഉണ്ടാകും. ഇയാളുടെ മുന്‍ കാല ചെയ്തികളെ കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് കോട്ടയം എസ് പി ആവശ്യപ്പെട്ടു.

ചങ്ങനാശ്ശേരിയില്‍ ഡ്യൂട്ടി കഴിഞ്ഞ് ആലപ്പുഴയിലെ ബാറില്‍ നിന്ന മദ്യപിച്ച ശേഷമാണ് പ്രതി ഹോട്ടലില്‍ അക്രമം നടത്തിയത്. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യില്‍ നിന്നാണ് വടിവാള്‍ വാങ്ങിയതെന്നു ജോസഫ് മൊഴി നല്‍കി.