17
Oct 2023
Sun
17 Oct 2023 Sun

എഡിൻബർഗ്: ഹമാസ്- ഇസ്രയേൽ സംഘർഷം രൂക്ഷമാവുന്നതിനിടെ സ്വതന്ത്ര ഫലസ്തീനായി ബാനറുയർത്തി സ്കോട്ടിഷ് ആരാധകർ. സ്‌കോട്ടിഷ് പ്രീമിയർ ക്ലബ്ബായ സെൽറ്റിക് പാർക്കിന്റെ ആരാധകരാണ് നിലപാട് പ്രഖ്യാപിച്ചത്. ഫ്രീ ഫലസ്തീൻ (ഫലസ്തീനെ സ്വതന്ത്രമാക്കൂ), വിക്ടറി ടു ദ റെസിസ്റ്റൻസ് (ചെറുത്തുനിൽപ്പിന് വിജയം) തുടങ്ങിയ ബാനറുകളാണ് ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫലസ്തീന് എല്ലാ കാലത്തും ഐക്യദാർഢ്യം അറിയിക്കുന്ന കൂട്ടായ്മയാണ് ഗ്രീൻ ബ്രിഗേഡ് എന്നറിയപ്പെടുന്ന സെൽറ്റിക് ആരാധകർ. കിൽമർനോക്കിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ബാനറുകൾ ഉയർത്തിയത്. മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് സെല്‍റ്റിക് ജയിച്ചു. അതിനിടെ, വിഷയത്തിൽ പ്രതികരണവുമായി മുൻ സെൽറ്റിക് താരം നിർ ബിറ്റണും രംഗത്തുവന്നു. ‘ഇസ്രായേലിൽ നിന്നാണ്, ഹമാസിൽ നിന്നല്ല ഗസയെ മുക്തമാക്കേണ്ടത്’ എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

അതിനിടെ, ഗസയിലെ ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 313 ആയി. 2000ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേൽ-ഗസ അതിർത്തിയിൽ ഇരുപക്ഷവും തമ്മിലുള്ള ആക്രമണം ഇപ്പോഴും തുടരുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഗസയുടെ സമ്പൂർണ നിയന്ത്രണം കൈവശപ്പെടുത്താനാണ് ഇസ്രയേലിന്റെ ശ്രമം. ഹമാസ് ആക്രമണത്തിൽ മുന്നൂറിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാവിലെയായിരുന്നു ഇസ്യേൽ ലക്ഷ്യമാക്കി ഹമാസിന്റെ മിസൈൽ ആക്രമണങ്ങൾ.