01
Jun 2023
Sun
01 Jun 2023 Sun

കോഴിക്കോട്: വെള്ളിമാടുകുന്ന് ബോയ്‌സ് ഹോമിൽ നിന്ന് കുട്ടികളെ കാണാതായ സംഭവത്തിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ബാലാവാകാശ കമ്മീഷൻ. ഹോം സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് വീഴ്ച സംഭവിച്ചതായി ചൈൽഡ് വെൽഫയർ കമ്മിറ്റി (സിഡബ്ല്യുസി) തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഒന്നേകാൽ മണിക്കൂറോളം സമയമെടുത്ത് രണ്ട് ശുചിമുറികളുടെ ഗ്രിൽസ് തകർത്തിട്ടും ജീവനക്കാർ അറിഞ്ഞില്ലെന്നത് ഗുരുതര വീഴ്ചയാണെന്നും അവർക്കെതിരേ നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്. മുഴുവൻ സമയവും സൂപ്രണ്ടിന്റെ സേവനം വേണമെന്ന ബാലനീതി നിയമം പാലിക്കപ്പെട്ടില്ല. കുട്ടികൾക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളോ ചികിൽസയോ പരിഗണനയോ ഇവിടെ ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് വിമർശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിപ്പോർട്ട് വനിതാ ശിശു വികസന സമിതി ഡയറക്ടർക്ക് കൈമാറി. കുട്ടികൾ പുറത്തു പോകാനുള സാധ്യത ചൂണ്ടി കാട്ടി സി.ഡബ്യു.സി നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിച്ചതായും റിപ്പോർട്ടിലുണ്ട്. അതേസമയം ബാലാവകാശ കമ്മിഷൻ അംഗം നാളെ നേരിട്ട് ഹോമിൽ തെളിവെടുപ്പ് നടത്തും. കുട്ടികളുടേയും ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തും.

കാണാതായ നാലു കുട്ടികളിൽ മൂന്നു പേരെ പൊലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് സ്വദേശികളായ മൂവരെയും ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം ചാടിപ്പോയ യുപി സ്വദേശിയെ കണ്ടെത്താനായിട്ടില്ല.

ഏറനാട് എക്‌സ്പ്രസിലാണ് ഇവർ നാടുവിടാൻ ശ്രമിച്ചത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. സ്റ്റേഷനിൽ വച്ച് ഒരാളുടെ ഫോണിൽ നിന്ന് ബാലമന്ദിരത്തിൽ നിന്ന് ഇവരെ ചാടാൻ സഹായിച്ച ആളെ ബന്ധപ്പെട്ടിരുന്നു. ഇത് ട്രെയ്‌സ് ചെയ്താണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ കേരളാ പൊലീസും അർടിഎഫും ജനറൽ കോച്ചിൽ നടത്തിയ പരിശോധനയിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ഇവർ ബാലമന്ദിരത്തിന്റെ ശുചിമുറിയുടെ ഗ്രില്ല് തകർത്തത്. അതിന് പിന്നാലെ നാലുപേരും പത്തരയോടെ അവിടെ നിന്നും പുറത്തുകടന്നു. ഇന്ന് രാവിലെയാണ് ബോയ്‌ഹോം അധികൃതർ കൂട്ടികളെ കാണാനില്ലെന്ന് വിവരം ചേവായൂർ പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞത്. നേരത്തെ ഇവിടെ അന്തോവാസികളായ രണ്ടുപേരാണ് കുട്ടികളെ പുറത്ത് കടക്കാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. പുറത്തുകടന്ന സമയത്ത് തന്നെ യുപി സ്വദേശിയായ കുട്ടി ഇവരെ പിരിഞ്ഞിരുന്നു.