കശ്മീരില്‍ അപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികള്‍ ടൂര്‍ പോയത് കുറി നടത്തി പണം ഉണ്ടാക്കി, സംഘത്തില്‍ 13 പേര്‍, മടക്കം 4 മൃതദേഹങ്ങളുമായി
|
പാലക്കാട്: കശ്മീരിലേക്ക് വിനോദയാത്രയ്ക്കു പോയ അയല്‍വാസികളായ 13 പേരില്‍ നാലുപേര്‍ അപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത കേട്ട് വിറങ്ങലിച്ചിരിക്കുകയാണ് ചിറ്റൂര്‍. കുറിയില്‍നിന്നുള്ള പണംകൊണ്ട് വിനോദയാത്രയ്ക്കു പോയവര്‍ നാടിന്റെയാകെ തീരാനോവായി. വ്യാഴാഴ്ച വൈകീട്ടാണ് സംഘം പുറപ്പെട്ടത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് തീവണ്ടിയിലായിരുന്നു യാത്ര. ആറുദിവസത്തിനിടെ വിവിധ സ്ഥലങ്ങള്‍ കണ്ട സന്തോഷം പലരും വീട്ടുകാരെ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ യാത്രകള്‍ നടത്തുന്നുണ്ട്. സോനാമാര്‍ഗിലേക്ക് രണ്ടു കാറുകളിലായാണ് സംഘം എത്തിയത്. പനിമത്ത് പാസില്‍ സ്‌കീയിങ് നടത്തി മടങ്ങുമ്പോള്‍ സീറോ പോയിന്റില്‍ വച്ച് ഒരു കാര്‍ റോഡില്‍ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നു. എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. വാഹനം പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. നേരത്തേ ഡല്‍ഹിയും ആഗ്രയും സന്ദര്‍ശിച്ച സംഘം 10നു തിരിച്ചു വരാനിരിക്കെയാണു ദുരന്തം. രാത്രി എട്ടരയോടെയാണ് നാട്ടിലേക്ക് അപകടവിവരമെത്തിയത്. വിവരമറിഞ്ഞയുടന്‍ യുവാക്കളടക്കം ഗ്രാമമൊന്നാകെ തടിച്ചുകൂടി. ആദ്യം വീട്ടുകാരോട് വിവരം പറഞ്ഞില്ലെങ്കിലും വൈകാതെതന്നെ അറിയിച്ചു. അതോടെ ഗ്രാമത്തിലെ അടുത്തടുത്തുള്ള വീടുകളില്‍നിന്ന് അലമുറയുയരുകയായിരുന്നു.
ശ്രീനഗര്‍ ലേ ഹൈവേയില്‍ ഇന്നലെ വൈകിട്ടു നാലരയോടെയുണ്ടായ അപകടത്തില്‍ അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഘ്‌നേഷ് (22) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളും അയല്‍ക്കാരുമാണ് ഇവര്‍. മനോജ് എം.മഹാദേവ് (25), അരുണ്‍ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണന്‍ (30) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഗുരുതര പരുക്കേറ്റ മനോജിനെ സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്കു മാറ്റി.
മരിച്ച അനില്‍ നിര്‍മാണത്തൊഴിലാളിയാണ്. സൗമ്യ ഭാര്യയാണ്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണു രാഹുല്‍. ഭാര്യ നീതു. സര്‍വേ ജോലി ചെയ്യുന്നയാളാണു സുധീഷ്. ഭാര്യ മാലിനി. കടയിലെ ജീവനക്കാരനാണു വിഘ്‌നേഷ്.





