കോഴിക്കോട്: കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസും(സി.ഐ.സി) സമസ്തയും തമ്മിലുള്ള പ്രശ്‌നം ഒത്തുതീർപ്പിലെത്തിയതായി കഴിഞ്ഞദിവസം സൂചനയുണ്ടായെങ്കിലും ഇന്നലത്തെ സമസ്ത മുശാവറ യോഗ തീരുമാനത്തോടെ സമവായ നീക്കത്തിൽ കല്ലുകടി. സി.ഐ.സിയുടെ സെനറ്റ് യോഗത്തിൽ സമസ്തയ്‌ക്കെതിരെ പ്രമേയം അവതരിപ്പിച്ചത് അപലപനീയമാണെന്നും പ്രമേയം അവതരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ഇന്നലെ കോഴിക്കോട് ചേർന്ന സമസ്ത മുശാവറ യോഗം ആവശ്യപ്പെട്ടു. സെനറ്റ് യോഗത്തിൽ സിഐസി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ രാജി ചർച്ചയ്ക്ക് വച്ചതിനെതിരെയും മുശാവറ യോഗത്തിൽ വിമർശനമുണ്ടായി.
|
കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചയിലൂടെ സമസ്ത സിഐസി തർക്കം പരിഹരിച്ചെന്ന നിലയിലേക്ക് കാര്യങ്ങൾ പോയിരുന്നെങ്കിലും പ്രശ്‌നങ്ങൾ ഇനിയും ബാക്കിയാണെന്ന സൂചനയാണ് സമസ്തയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. പ്രമേയം അവതരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന സമസ്തയുടെ ആവശ്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്. അതേസമയം, സി.ഐ.സി പ്രശ്‌നത്തിൽ സമസ്ത മുന്നോട്ടുവെച്ച തീരുമാനങ്ങൾ അംഗീകരിച്ച സാദിഖലി തങ്ങളുടെ നടപടിയെ യോഗം സ്വാഗതം ചെയ്തു.
സി.ഐ.സിക്കും ഹക്കീം ഫൈസിക്കുമെതിരെ സമസ്ത ഉന്നയിച്ചിരുന്ന ആരോപണങ്ങൾ തള്ളുന്ന മൂന്ന് പ്രമേയങ്ങളാണ് സെനറ്റ് പാസാക്കിയത്. ഹക്കീം ഫൈസിക്കെതിരെ ഉയർന്ന ആരോപണങ്ങളെ നിരാകരിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്. വാഫി, വഫിയ്യ കോഴ്‌സുകൾ തടസ്സപെടുത്തുന്നത് അംഗീകരിക്കാൻ ആവില്ല, കോഴ്‌സുകൾ പൂർത്തിയാക്കാൻ വിദ്യാർഥികളെ അനുവദിക്കണം, കോഴ്‌സുകൾ തടസ്സപെടുത്തുന്ന നീക്കങ്ങളിൽ നിന്ന് സ്ഥാപനങ്ങൾ പിൻവാങ്ങണം എന്നിവയായിരുന്നു പ്രമേയത്തിലെ ആവശ്യങ്ങൾ. പ്രമേയത്തിനെതിരെ സി.ഐ.സി പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങൾ തന്നെ സമൂഹമാധ്യമത്തിലൂടെ പരസ്യമായി രംഗത്തെത്തിയിരുന്നു. സെനറ്റിൽ പാസാക്കിയ പ്രമേയം എന്ന രൂപത്തിൽ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞത്. അതോടൊപ്പം വാഫി, വാഫിയ്യ സംവിധാനം സമസ്തയുടെ ഉപദേശ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും സമസ്തയുമായി എല്ലാ വാഫി സ്ഥാപനങ്ങളും സഹകരിക്കണമെന്നും ഇതിന് വിരുദ്ധമായതൊന്നും സി.ഐ.സി നിയമാവലിയിൽ ഉണ്ടാവാൻ പാടില്ലെന്നും സാദിഖലി തങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ തർക്കം തീർന്നതായുള്ള സൂചനകൾ ഉണ്ടായതിന് പിന്നാലെയാണ് ഇന്നലത്തെ മുശാവറ തീരുമാനം. സമസ്തക്കെതിരായ സിഐസി സെനറ്റ് പ്രമേയമാണ് മുശാവറയെ ചൊടിപ്പിച്ചതും സമവായ നീക്കം പാളാനിടയാക്കിയതെന്നുമാണ് റിപ്പോർട്ട്.





