25
Dec 2024
Fri
25 Dec 2024 Fri
Mohan Bhagawat and Organizer

ന്യൂഡല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ തള്ളി ഓര്‍ഗനൈസര്‍ മാസിക. (Claim over mosques is a fight for historical truth; RSS mouthpiece rejects Mohan Bhagwat) അയോധ്യക്കുശേഷം രാജ്യത്ത് പള്ളി- ക്ഷേത്രം തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നത് നല്ലതല്ലെന്ന ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിന്റെ അഭിപ്രായപ്രായമാണ് ആര്‍.എസ്.എസ്. മുഖമാസികയായ ‘ഓര്‍ഗനൈസര്‍’ തള്ളിക്കളഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയോധ്യയ്ക്കു പിന്നാലെ ഇത്തരം തര്‍ക്കങ്ങള്‍ നിരന്തരമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് ആശാസ്യമല്ലെന്നാണ് ഭാഗവത് അഭിപ്രായപ്പെട്ടത്. ഇതിനെ നിരാകരിക്കുന്നതാണ് യു.പി.യിലെ സംഭലില്‍ ഈയിടെ അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലെഴുതിയ ഓര്‍ഗനൈസറിലെ മുഖപ്രസംഗം.

പള്ളി-ക്ഷേത്ര തര്‍ക്കങ്ങള്‍ നാഗരികനീതി ഉറപ്പാക്കുന്നതിനാവശ്യമായ ചരിത്രസത്യം തേടിയുള്ള പോരാട്ടമാണെന്ന് മുഖപ്രസംഗം അഭിപ്രായപ്പെട്ടു. ഷാഹി ജുമാ മസ്ജിദിലുണ്ടായ സര്‍വേ നീക്കങ്ങളെ മുഖപ്രസംഗം പൂര്‍ണമായും ന്യായീകരിച്ചു.

ALSO READ: പുണ്യസ്‌നാനം കഴിഞ്ഞ് സ്ത്രീകള്‍ വസ്ത്രംമാറുന്നത് ഒളികാമറവച്ച് റെക്കോഡ് ചെയ്യുന്നത് ശീലമാക്കി; പിടിച്ചത് 200 വീഡിയോ; ഞെട്ടിക്കുന്ന വിവരം പുറത്ത്

ജാതിവിവേചനങ്ങളുടെ മൂലകാരണം തേടിപ്പോയ അംബേദ്കര്‍ അതിന് ഭരണഘടനാപരമായ പരിഹാരമാര്‍ഗം നിര്‍ദേശിച്ചതുപോലെ മതവിവേചനം തടയാന്‍ നടപടിയാവശ്യമാണെന്നും ഓര്‍ഗനൈസര്‍ ഓര്‍മിപ്പിച്ചു. ചരിത്രസത്യങ്ങളെ തിരിച്ചറിയാന്‍ ഭാരതീയ മുസ്‌ലിങ്ങളെ ഇത് പ്രാപ്തമാക്കുമെന്നാണ് ഓര്‍ഗനൈസര്‍ പറയുന്നത്.

സത്യമറിയാനുള്ള അവകാശം നിഷേധിക്കുന്നത് വ്യാജ മതേതരവാദികളും ബുദ്ധിജീവിനാട്യക്കാരും തുടര്‍ന്നുവരുന്ന വ്യാഖ്യാനങ്ങളാണ്. ഇത് സമൂഹത്തില്‍ വെറുപ്പ് വളര്‍ത്തുകയേ ഉള്ളൂ. മതഭ്രാന്തരായ മുഗള്‍ഭരണാധികാരികളായിരുന്നു ബാബറും ഔറംഗസേബും. ഇവര്‍ക്ക് വീരപരിവേഷം നല്‍കി അവതരിപ്പിച്ചത് കോണ്‍ഗ്രസാണ്. ബ്രിട്ടീഷുകാര്‍ക്ക് മുന്‍പ് രാജ്യത്തെ നയിച്ചിരുന്നത് ഇവരാണെന്ന ധാരണ മുസ്‌ലിംകള്‍ക്കിടയില്‍ വളര്‍ന്നത് അങ്ങനെയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.

മതേതര കാപട്യത്തിന്റെ സങ്കുചിതകാഴ്ചപ്പാടിലൂടെ ഹിന്ദു-മുസ്‌ലിം സംവാദങ്ങളെ ചുരുക്കിക്കാണുന്നത് ശരിയല്ല. എല്ലാവിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കുന്ന സത്യസന്ധമായ ഇതിഹാസകൃതികളെ അടിസ്ഥാനപ്പെടുത്തി നാഗരികനീതിക്കുവേണ്ടിയുള്ള അര്‍ഥവത്തായ സംവാദങ്ങളാണാവശ്യം.

സോമനാഥ് മുതല്‍ സംഭല്‍വരെയും അതിനുശേഷവും നടക്കുന്ന പോരാട്ടങ്ങള്‍ ചരിത്രസത്യങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടിയുള്ളതാണെന്നും മതപരമായ മേധാവിത്തം അടിച്ചേല്‍പ്പിക്കുന്നതിനല്ലെന്നുമാണ് ആര്‍എസ്എസ് അവകാശവാദം.. അങ്ങനെ അടിച്ചേല്‍പ്പിക്കുന്നത് ഹിന്ദുധര്‍മത്തിന് എതിരാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

അയോധ്യക്ക് പിന്നാലെ വാരണാസി, കാശി, മഥുര, സംഭല്‍, അജ്മീര്‍ തുടങ്ങി വിവിധ മസ്ജിദുകള്‍ക്കു മേല്‍ അവകാവാദമുന്നയിച്ച് സംഘപരിവാരം രംഗത്തെത്തിയിരുന്നു. കീഴ്‌ക്കോടതികളുടെ കൂട്ട് പിടിച്ചായിരുന്നു നീക്കം.

പല സ്ഥലത്തും പ്രകോപന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വര്‍ഗീയ സംഘര്‍ഷം ഇളക്കിവിടാനും സംഘപരിവാരം മുതിര്‍ന്നു. സംഭവലിലെ ഷാഹി മസ്ജിദിലെ സര്‍വേ നീക്കം മുസ്ലിംകള്‍ പ്രതിരോധിച്ചതിനെ തുടര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് വിഷയം സുപ്രിംകോടതിയുടെ മുന്നിലെത്തി. തുടര്‍ന്ന് കീഴക്കോടതികള്‍ ഇത്തരം ഹരജികള്‍ പരിഗണിക്കണ്ടതില്ലെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കാര്യങ്ങള്‍ കൈവിടുന്നുവെന്ന് തോന്നിയപ്പോഴാണ് തുടര്‍ച്ചയായി ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന പ്രസ്താവനയുമായി മോഹന്‍ ഭാഗവത് രംഗത്തെത്തിയത്.