08
May 2023
Tue
08 May 2023 Tue

കോഴിക്കോട്: കോയമ്പത്തൂർ സ്‌ഫോടനക്കേസിന് ആധാരമായെന്ന് ആരോപിക്കപ്പെട്ട ഗൂഢാലോചനക്കേസിൽ പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ 25 വർഷത്തിന് ശേഷം വെറുതെവിട്ടു. കോയമ്പത്തൂരിൽ സ്‌ഫോടന പരമ്പര നടത്താൻ ഗുഢാലോചന നടത്തിയെന്ന കേസിലാണ് കോടതി നടപടി.
മഅ്ദനിയെക്കൂടാതെ മൂന്നുപേരെയും കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതി 3 ജഡ്ജി മധു വെറുതെവിട്ടു. ഒന്നാം പ്രതി കോഴിക്കോട് മാറാട് ബീച്ച് റോഡിൽ വാട്ടർ ടാങ്കിനു സമീപം നടുവട്ടം കോബോളിപ്പറമ്പ് വീട്ടിൽ എ ടി മുഹമ്മദ് അശ്‌റഫ്, രണ്ടാം പ്രതി പയ്യാനക്കൽ പന്നിയങ്കര മുല്ലവീട്ടിൽ എം വി സുബൈർ, മൂന്നാം പ്രതി മലപ്പൂറം നിലമ്പൂർ സ്വദേശി അയ്യപ്പൻ, നാലാംപ്രതി അബ്ദുന്നാസിർ മഅ്ദനി എന്നിവരെയാണ് വെറുതെവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഅ്ദനിക്കു വേണ്ടി അഡ്വ. എം അശോകനും മറ്റു മൂന്നുപേർക്കു വേണ്ടി അഡ്വ. കെപി മുഹമ്മദ് ശരീഫുമാണ് ഹാജരായത്. കേസിൽ ആകെ അഞ്ചു പ്രതികളാണുള്ളത്. കോഴിക്കോട് സ്വദേശി നൂഹ് എന്ന മാങ്കാവ് റഷീദിനെതിരായ കേസ് നടപടികൾ കോടതിയുടെ പരിഗണനയിലാണ്.

സ്‌ഫോടനക്കേസിലെ പ്രതി ഊമ ബാബുവിന് അഭയം നൽകിയെന്നും ഒന്നാംപ്രതിയെ വിദേശത്തേക്ക് അയച്ച് ഭീകരപ്രവർത്തനത്തിന് പരിശീലനം നൽകാൻ ഒത്താശ ചെയ്‌തെന്നുമാണ് മഅ്ദനിക്കെതിരായ ആരോപണങ്ങൾ. കോഴിക്കോട് കസബ പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ഐപിസിയിലെ 120(ബി), 153(എ), 124(എ) എന്നിവയെ കൂടാതെ ആയുധനിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിരുന്നു. 2007ൽ കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ മഅ്ദനി ഉൾപ്പെടെയുള്ളവരെ കോടതി നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെവിട്ടിരുന്നെങ്കിലും അതിന് ആധാരമായെന്ന് ആരോപിക്കപ്പെട്ട കോഴിക്കോട് ഗൂഢാലോചനക്കേസ് തീർപ്പാവാതെ കിടക്കുകയായിരുന്നു

1998 മാർച്ച് 31ന് പുലർച്ചെ ഒന്നും രണ്ടും പ്രതികളെ കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാന്റിനു സമീപത്തെ 251ാം നമ്പർ മിൽമാ ബൂത്തിനു സമീപം പ്രവേശന കവാടത്തിനടുത്ത് വച്ച് നാടൻ തോക്കുകളും തിരകളുമായി പിടികൂടിയെന്ന് ആരോപിച്ചാണ് കസബ പോലിസ് കേസെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ അയ്യപ്പനാണ് കൈത്തോക്കുകൾ നിർമിച്ചുകൊടുത്തതെന്നും അശ്‌റഫ് അത് കോയമ്പത്തൂരിൽ എത്തിച്ചെന്നുമാണ് പോലിസ് പറഞ്ഞിരുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക