കോഴിക്കോട്: കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സൗദി അറേബ്യന്‍ വിസാ അപേക്ഷാ കേന്ദ്രത്തില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി പരാതി. കോഴിക്കോട് ഹൈലൈറ്റ് മാളിന് എതിര്‍വശത്തു പ്രവര്‍ത്തിക്കുന്ന വിഎഫ്എസ് ഗ്ലോബലിന് (VFS Global) എതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സൗദി അറേബ്യയിലേക്കും കാനഡയിലേക്കും വിസാ അപേക്ഷകള്‍ സ്വീകരിക്കുന്ന കേന്ദ്രമാണിത്. ( Complaints about Saudi visa service center kozhikkode )
|
സൗദി അറേബ്യയിലെ പ്രവാസികളുടെ ബന്ധുക്കളാണ് ഇവിടെ പ്രധാനമായും തട്ടിപ്പിനിരയാകുന്നതെന്ന് മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍ ആരോപിച്ചു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയുമായി സഹകരിച്ചാണ് തട്ടിപ്പ്. അപേക്ഷയില്‍ തെറ്റുണ്ടെന്ന് പറഞ്ഞ് വിഎഫ്എസ് ജീവനക്കാര്‍ അപേക്ഷകരെ ഇങ്ങോട്ട് അയക്കുകയാണ് ചെയ്യുന്നത്.
തെറ്റ് തിരുത്തുന്നതിന് ട്രാവല്‍ ഏജന്‍സി ഓരോ അപേക്ഷകനില്‍ നിന്നും 4,500 രൂപ വാങ്ങുന്നതായി ബഷീര്‍ ഇന്ത്യയിലെ സൗദി അംബാസഡര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു. പാസ്‌പോര്‍ട്ടിന്റെ കോപ്പി എടുക്കുന്നതിന് മാത്രമായാണ് ഇത്രയും വലിയ തുക ഈടാക്കുന്നത്.
രാവിലെ 11 മണിക്ക് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവരെ വൈകുന്നേരം 4 മണി വരെ വരിയില്‍ നിര്‍ത്തുന്നതായാണ് മറ്റൊരു പരാതി. മുന്‍കൂട്ടി അറിയിപ്പ് ലഭിച്ച് എത്തുന്നതുവരെ മറ്റ് ദിവസങ്ങളില്‍ വരാന്‍ പറഞ്ഞ് മടക്കി അയക്കുന്നു. കാസര്‍കോഡ് മുതല്‍ തൃശൂര്‍ വരെയുള്ളവര്‍ സൗദി വിസാ നടപടികള്‍ക്കായി ആശ്രയിക്കുന്ന കേന്ദ്രമാണ് കോഴിക്കോട്ടേത്.
അപേക്ഷയില്‍ ചെറിയ തെറ്റുകള്‍ കണ്ടെത്തിയാല്‍ പുതിയ അപേക്ഷ സമര്‍പ്പിക്കുന്നതിന് വിഎഫ്എസ് ഗ്ലോബലില്‍ പ്രത്യേക ലോഞ്ച് ഉണ്ട്. എന്നാല്‍, ഇവിടേക്ക് പ്രവേശനം നിഷേധിച്ച് തൊട്ടടുത്ത ട്രാവല്‍സിലേക്ക് അപേക്ഷകരെ അയക്കുകയാണെന്നും ബഷീര്‍ ആരോപിക്കുന്നു. വിസാ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്ന കൊറിയര്‍ കമ്പനികള്‍ക്കെതിരേയും പരാതിയുണ്ട്.


