28
Jul 2024
Sat
28 Jul 2024 Sat
Sabu M Jacob Twenty 20

നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകളും ജില്ല തൂത്തൂവാരാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്. പ്രമുഖരെ മല്‍സര രഗത്തിറകുന്നതിനൊപ്പം ജില്ലയില്‍ കാര്യമായ സ്വാധീനമുള്ള ട്വന്റി20 യെ യു.ഡി.എഫിന്റെ ഭാഗമാക്കാനും അണിയറ നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാവാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്നണിയില്‍ വന്നില്ലെങ്കില്‍ പോലും ട്വന്റി 20യുമായി ഏതാനും സീറ്റുകളില്‍ ധാരണയിലെത്താനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് നേതാവ് ബെന്നി ബെഹനാനോടുള്ള , ശക്തമായ എതിര്‍പ്പാണ്, കിറ്റെക്‌സ് ഗ്രൂപ്പ് എം.ഡി സാബു എം ജേക്കബിനെ, ട്വന്റി20 എന്ന രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ പ്രധാനമായും പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍, ബെന്നി ബെഹനാന്‍ നിലവില്‍, കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അപ്രസക്തനാണ്.

ഈ സാഹചര്യത്തില്‍, ട്വന്റി20യെ മുന്നണിയോട് അടുപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കുന്നത്തുനാട് മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര എം.എല്‍.എ ശ്രീനിജനോടുള്ള സാബു ജേക്കബിന്റെ കടുത്ത പകയും ഈ നീക്കത്തിന് അനുകൂലമാവും.

ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ട്വന്റി 20യാണ്. എന്നാല്‍, ത്രികോണ മത്സരം നടന്നാല്‍, അതിന്റെ ആനുകൂല്യത്തില്‍, വീണ്ടും ശ്രീനിജന്‍ വിജയിക്കുമോ എന്ന ആശങ്ക സാബു എം ജേക്കബിനുണ്ട്. സംവരണമണ്ഡലമായ കുന്നത്ത് നാട് മണ്ഡലത്തില്‍, ട്വന്റി20 സ്ഥാനാര്‍ത്ഥിയ്ക്ക് കോണ്‍ഗ്രസ്സ് പിന്തുണ നല്‍കിയാല്‍, ട്വന്റി20 യ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കളമശ്ശേരി, വൈപ്പിന്‍ കോതമംഗലം മണ്ഡലങ്ങളില്‍, അവര്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.
VD Satheeshan

ട്വന്റി20 യുമായി സഖ്യമുണ്ടാക്കിയാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ സമ്പൂര്‍ണ്ണ വിജയം നേടാന്‍ കഴിയുമെന്നാണ്, കോണ്‍ഗ്രസ്സ് നേതൃത്വം കണക്ക് കൂട്ടുന്നത്. 14 നിയമസഭാ മണ്ഡലങ്ങളാണ് എറണാകളും ജില്ലയില്‍ ഉള്ളത്. കളമശ്ശേരി, കൊച്ചി, വൈപ്പിന്‍, കുന്നത്തുനാട് , കോതമംഗലം, അങ്കമാലി, ആലുവ , പിറവം , പെരുമ്പാവൂര്‍, മൂവാറ്റുപുഴ , തൃപ്പൂണിത്തുറ, തൃക്കാക്കര, എറണാകുളം, പറവൂര്‍ നിയമസഭ മണ്ഡലങ്ങളാണത്. ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം, ഈ 14 മണ്ഡലത്തിലും ഇടതുപക്ഷം പിന്നിലാണ്.

നിലവില്‍, കളമശ്ശേരി, കൊച്ചി, വൈപ്പിന്‍, കുന്നത്തുനാട്, കോതമംഗലം എന്നീ 5 മണ്ഡലങ്ങളിലാണ് ഇടതുപക്ഷ എം.എല്‍.എമാരുള്ളത്. അങ്കമാലി, ആലുവ, പിറവം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, തൃക്കാക്കര, എറണാകുളം, പറവൂര്‍ മണ്ഡലങ്ങള്‍ യു.ഡി.എഫിന്റെ പക്കലാണ്.

രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായതിനാല്‍, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ഈ മുഴുവന്‍ മണ്ഡലങ്ങളും പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. സ്വന്തം ജില്ലയായ എറണാകുളത്ത് ഇത്തരം ഒരു സമ്പൂര്‍ണ്ണ വിജയം സാധ്യമാവുകയും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കാന്‍ കൂടുതല്‍ കരുത്താകുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും കരുതുന്നുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാനുള്ള ചുമതല, വി.ഡി സതീശന്‍ ഏറ്റെടുത്തതും, തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ്.

ഇടതുപക്ഷത്തിന്റെ കൈവശമുള്ള 5 നിയമസഭാ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍, കരുത്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ ഇറക്കാനും, സതീശന് പദ്ധതിയുണ്ട്. കൊച്ചി സീറ്റ് പിടിച്ചെടുക്കാന്‍, വേണ്ടി വന്നാല്‍, എറണാകുളം എം.പി ഹൈബി ഈഡനെ തന്നെ മത്സരിപ്പിച്ചേക്കും. എറണാകുളം ലോകസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നാലും, ആ സീറ്റ് നഷ്ടമാകില്ലന്ന ഉറപ്പിലാണ്, ഇത്തരമൊരു ആലോചന. ഭരണം ലഭിച്ചാല്‍, മന്ത്രി സ്ഥാനം ഉറപ്പാകുമെന്നതിനാല്‍, ഹൈബിയ്ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ല.