ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികളും ബന്ധുവും പുഴയില്‍വീണു, ബന്ധുമരിച്ചു; ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുന്നു
|
തിരുവനന്തപുരം: പള്ളിക്കലില്‍ വിവാഹ വിരുന്നിനു ബന്ധുവീട്ടില്‍ എത്തിയ നവദമ്പതികളെ പുഴയില്‍ കാണാതായി. കൂടെയുണ്ടായിരുന്ന ബന്ധു മുങ്ങി മരിച്ചു. പള്ളിക്കല്‍ മൂതല ഇടവേലിക്കല്‍ വീട്ടില്‍ സെയ്‌നുലാബ്ദീന്‍-ഹസീന ദമ്പതികളുടെ മകന്‍ അന്‍സല്‍ഖാന്‍(22) ആണു മരിച്ചത്. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാമുകള്‍ വീട്ടില്‍ സിദ്ദിഖ് (27), ഭാര്യ കാരായില്‍ക്കോണം കാവതിയോട് പച്ചയില്‍ വീട്ടില്‍ നൗഫിയ(20) എന്നിവരെയാണു കാണാതായത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കഴിഞ്ഞ 16നായിരുന്നു ഇവരുടെ വിവാഹം. കല്യാണം കഴിഞ്ഞ് അന്‍സിലിന്റെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു സിദ്ദിഖും നൗഫിയയും. ഇരുവരും അന്‍സിലിനെയുംകൂട്ടി പുഴ കാണാന്‍ പോയതായിരുന്നു. പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടയില്‍ സിദ്ദിഖും നൗഫിയയും വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് നിഗമനം. രക്ഷിക്കാനുള്ള ശ്രമത്തിലാണ് അന്‍സില്‍ മരിച്ചതെന്ന് കരുതുന്നു. 5.30 ഓടെ ഈ ഭാഗത്ത് മീന്‍പിടിക്കാനെത്തിയ പ്രദേശവാസി ചെരുപ്പുകളും രണ്ട് ബൈക്കും കണ്ടു. സംശയം തോന്നിയ ഇയാള്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു. രാത്രി 8.45 ഓടെ അന്‍സിലിന്റെ മൃതദേഹം കണ്ടെത്തി.
പള്ളിക്കല്‍ പൊലീസും അഗ്‌നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. കാലവര്‍ഷം കഴിഞ്ഞുള്ള ശക്തമായ ഒഴുക്കും ചുഴികളും നിറഞ്ഞ ഭാഗമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണ്.





