22
Feb 2023
Sat
22 Feb 2023 Sat

അമ്പതിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാസങ്ങളായി തൊഴില്‍ ചൂഷണത്തിനിരയാക്കി അഞ്ച് മലയാളികള്‍ക്കെതിരേ നടപടിയുമായി ബ്രിട്ടീഷ് കോടതി. മോല്‍ഡ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്കെതിരേ കടുത്ത നിയന്ത്രണങ്ങള്‍ ചുമത്തുന്ന സ്ലേവറി ആന്‍ഡ് ട്രാഫിക്കിങ് റിസ്‌ക് ഓര്‍ഡര്‍ പുറപ്പെടുവിച്ചത്. സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിയായ ഗാങ്മാസ്‌റ്റേഴ്‌സ് ആന്‍ഡ് ലേബര്‍ അബ്യൂസ് അതോറിറ്റിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് കോടതി ഉത്തരവ് കൈമാറിയത്. ഉത്തരവ് ലംഘിച്ചാല്‍ പ്രതികള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നോര്‍ത്ത് വെയില്‍സിലെ കെയര്‍ഹോമില്‍ ജോലി ചെയ്ത 14 മാസക്കാലമാണ് പ്രതികള്‍ അമ്പതിലേറെ വിദ്യാര്‍ഥികളെ തൊഴില്‍ചൂഷണത്തിനിരയാക്കിയതെന്ന് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതായി അതോറ്റി പ്രസ്താവനയില്‍ അറിയിച്ചു.
മാത്യു ഐസക്, ഭാര്യ ജിനു ചെറിയാന്‍, എല്‍ദോസ് ചെറിയാന്‍, എല്‍ദോസ് കുര്യാച്ചന്‍, ജേക്കബ് ലിജു എന്നിവരാണ് വിദ്യാര്‍ഥികളെ തൊഴില്‍ചൂഷണം ചെയ്തത്. 25നും 47നും ഇടയില്‍ പ്രായമുള്ള ഇവരെ അതോറിറ്റി 2021 ഡിസംബറിനും 2022 മെയ് മാസത്തിനും ഇടയിലായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരായ അന്വേഷണം നടക്കുകയാണ്. എന്നാല്‍ ഇതുവരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടില്ല.

പുതിയ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ യുകെയിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് സഹായമോ കൗണ്‍സിലിങ്ങോ ആവശ്യമുണ്ടെങ്കില്‍ തങ്ങളെ സമീപിക്കണമെന്ന് അഭ്യര്‍ഥിച്ചു. 2021 മെയില്‍ രജിസ്റ്റര്‍ ചെയ്ത അലക്‌സ് കെയര്‍ സൊല്യൂഷന്‍സ് എന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സി മുഖേനയാണ് മാത്യു ഐസക്കും ഭാര്യ ജിനു ചെറിയാനും തൊഴിലാളികളെ വിതരണം ചെയ്തതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഇങ്ങനെ ജോലിക്കു നിയോഗിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ ശമ്പളം കൃത്യമായി കൊടുത്തിരുന്നില്ലെന്നും അതോറിറ്റി കണ്ടെത്തി.

രാജ്യത്ത് തൊഴിലാളി ക്ഷാമം ഉണ്ടെന്നും ഈ സാഹചര്യം നിര്‍ഭാഗ്യവശാല്‍ പലരും സ്വയലാഭത്തിനായി മുതലെടുക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ മാര്‍ട്ടിന്‍ പ്ലിമ്മര്‍ പറഞ്ഞു. 2021ല്‍ മാത്രം ഇത്തരത്തില്‍ തൊഴില്‍ചൂഷണത്തിനിരയായത് 12000ത്തിലേറെ പേരാണ്. ഒരുലക്ഷത്തി മുപ്പതിനായിരത്തിലേറെ പേര്‍ ഇങ്ങനെ തൊഴില്‍ ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് ആന്റി സ്ലേവറി ഇന്റര്‍നാഷനലിന്റെ കണക്ക്. പഠിക്കാനും മറ്റുമായി രാജ്യത്തെത്തി പാര്‍ട് ടൈം ജോലി ചെയ്തു പണം കണ്ടെത്താന്‍ ശ്രമിക്കുന്നവരെയാണ് ഇങ്ങനെ ചൂഷണത്തിനിരയാക്കുന്നത്.