പോലീസ് സംവിധാനം ആര്‍എസ്എസിന് കീഴ്‌പ്പെട്ടുവെന്ന ആപേക്ഷങ്ങള്‍ക്കിടെ നിര്‍ണായക എല്‍.ഡി.എഫ് യോഗം ഇന്ന് ചേരും. ആര്‍എസ്എസുമായി കൂടിക്കാഴ്ച്ച നടത്തി. എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തതിലുള്ള അതൃപ്തി സിപിഐ യോഗത്തില്‍ ഉന്നയിക്കും. എല്‍ഡിഎഫിലെ മറ്റു ചില ഘടക കക്ഷികളും സിപിഎമ്മിലെ തന്നെ ഒരു വിഭാഗം നേതാക്കളും ഇക്കാര്യത്തില്‍ പിന്തുണയുമായി രംഗത്തുണ്ട്.
|
എഡിജിപിയുടെ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി മുന്നണി യോഗത്തില്‍ വിശദീകരിച്ചേക്കും. സര്‍ക്കാരിന്റെ പുതിയ മദ്യനയവും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
പോലീസ് തലപ്പത്തെ രണ്ടാമന്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രതിപക്ഷം ശക്തമായ ആയുധമായി ഉപയോഗിക്കുന്നുണ്ട്. എംആര്‍ അജിത്കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതില്‍ സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ക്ക് കടുത്ത അതൃപ്തിയുമുണ്ട്.
സിപിഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസം അത് പരസ്യമാക്കുകയും ചെയ്തു. തൃശ്ശൂര്‍ പൂരം വിവാദത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന സിപിഐ ആവശ്യത്തിനും പരിഗണന ലഭിച്ചിട്ടില്ല.
ഇന്ന് മുന്നണി യോഗം ചേരുമ്പോള്‍ സിപിഐക്ക് പുറമേ ആര്‍ജെഡി അടക്കമുള്ളവര്‍ ഈ വിഷയം ഉന്നയിച്ചേക്കും. സംഘപരിവാര്‍ വിരുദ്ധ പോരാട്ടമെന്ന് പരസ്യമായി പറയുമ്പോഴും, ആര്‍എസ്എസിന്റെ പ്രധാനിയുമായി പോലീസ് തലപ്പത്തുള്ളയാള്‍ കൂടിക്കാഴ്ച നടത്തിയതില്‍ നടപടിയില്ലാത്തത് പൊതുസമൂഹത്തിന് മുന്നില്‍ സംശയത്തിന് ഇട നല്‍കിയിട്ടുണ്ടെന്നാണ് ഘടകകക്ഷികള്‍ക്ക് അഭിപ്രായപ്പെടുന്നത്.
എഡിജിപിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിശോധന നടക്കുന്നുണ്ടെന്നും, അതില്‍ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറയാനാണ് സാധ്യത. പുതിയ സാഹചര്യത്തില്‍ എഡിജിപി അവധിയെടുക്കാന്‍ നല്‍കിയ അപേക്ഷ പിന്‍വലിച്ചിട്ടുണ്ട്.
അജിത് കുമാറിനോട് മുമുഖ്യമന്ത്രി മൃദു സമീപനം സ്വീകരിക്കുന്നതില്‍ സിപിഎമ്മിനുള്ളിലും എതിരഭിപ്രായമുണ്ട്. ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്ന് പറഞ്ഞ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വാക്കുകളും യോഗത്തില്‍ വിമര്‍ശനത്തിന് വിധേയമായേക്കും.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച ഏകദേശ ധാരണ സിപിഐഎം നേതൃതലത്തില്‍ ഉണ്ടായിട്ടുണ്ട്. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണം എന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉണ്ടായിരുന്നെങ്കിലും അത് പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഒന്നാം തീയതി ചില ഇളവുകള്‍ നല്‍കുന്നതാണ് പരിഗണനയില്‍ ഉള്ളത്.





