26
Nov 2024
Mon
26 Nov 2024 Mon
Rahul Mankoottathil

പത്തനംതിട്ട: സിപിഐഎമ്മിന്റെ ജില്ലാ ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ പോസ്റ്റ് ചെയ്തത് അഡ്മിന്‍മാരിലൊരാള്‍. (CPM claim of hacked page debunked; The video of Rahul ManKoottathil was posted by one of the admins) ഇതോടെ പേജ് ഹാക്ക് ചെയ്‌തെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ വാദം പൊളിഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടോ വീഡിയോ പോസ്റ്റ് ചെയ്ത അഡ്മിനെ ഒഴിവാക്കുകയും അഡ്മിന്‍ പാനല്‍ അഴിച്ചു പണിയുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാക്കിങ് നടത്തിയെന്നാരോപിച്ച് പരാതി നല്‍കും എന്ന് ജില്ലാ കമ്മിറ്റി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ പരാതി നല്‍കിയിട്ടില്ല. സംഭവം സംബന്ധിച്ച് സംസ്ഥാന നേതൃത്വവും വിവരങ്ങള്‍ തേടിയിരുന്നു.

ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീഡിയോ പോസ്റ്റ് ചെയ്‌തെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇന്നലെ വിശദീകരിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇനിയും പരാതി നല്‍കിയിട്ടില്ല.

എന്നാല്‍, പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണത്തില്‍ അഡ്മിന്‍ പാനലിലെ ഒരാളാണ് അബദ്ധത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ പാര്‍ട്ടി താക്കീത് ചെയ്തതായാണ് വിവരം.

‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെയാണ് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തിരുന്നത്. 63000 ഫോളോവേഴ്സ് ഉള്ള പേജിലാണ് രാഹുലിന്റെ പ്രചാരണ വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ വീടുകള്‍ കയറി പ്രചാരണം നടത്തുന്നതും കുട്ടികളുമായി സൗഹൃദം പങ്കിടുന്നതുമായ വിഡിയോയാണ് ഈ പേജിലെത്തിയത്. 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്. ഇതേ വിഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുള്‍പ്പെടെ ഷെയര്‍ ചെയ്തതുമാണ്.

സിപിഎമ്മില്‍ തനിക്കുള്ള പിന്തുണയാണ് ഇത് കാണിക്കുന്നതെന്ന് രാഹുല്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥിക്കെതിരേ പ്രതിഷേധമുള്ള സിപിഎം പ്രവര്‍ത്തകര്‍ തന്നോടൊപ്പമുണ്ടെന്നാണ് രാഹുലിന്റെ വാദം.

അതേ സമയം, വീഡിയോ പോസ്റ്റ് ചെയ്തത് അബദ്ധത്തിലാണോ മനപൂര്‍വ്വമാണോ എന്ന് ഇനിയും വ്യക്തമല്ല.