26
Feb 2024
Fri
26 Feb 2024 Fri
koyilandi cpim leader murder accused caught

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലക്ക് പിന്നില്‍ വ്യക്തിവിരോധം; പ്രതി കീഴടങ്ങി, കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പി.വി.സത്യനാഥനെ (66) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രദേശത്ത് ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂര്‍, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളില്‍ ആണ് സിപിഎം ഹര്‍ത്താല്‍ ആചരിക്കുന്നത.്

പി.വി സത്യനാഥനെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്നാണ് സൂചന. കൊലപാതകം സംബന്ധിച്ച് രാഷ്ട്രീയാരോപണത്തിന് സി.പി.എം മുതിര്‍ന്നിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയസംഘടനയ്ക്ക് പങ്കുണ്ടെന്നോ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നോ പറയുന്നില്ലെന്ന് സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കീഴടങ്ങിയ പ്രതി പെരുവട്ടൂര്‍ പുറത്തോന അഭിലാഷി (30)നെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മുന്‍ ബ്രാഞ്ച് കമ്മറ്റി അംഗവും നഗരസഭയിലെ താല്‍ക്കാലിക ഡ്രൈവറുമാണ് അഭിലാഷ്. ആക്രമിച്ചത് കത്തി ഉപയോഗിച്ചാണെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് പറഞ്ഞു.

ഉത്തരമേഖലാ ഐ.ജി. സേതുരാമന്‍ ഉള്‍പ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ സ്ഥലത്തെത്തി. ഇവര്‍ പ്രതിയെ ചോദ്യംചെയ്യുന്നതായാണ് വിവരം. പെരുവട്ടൂരിനും മുത്താമ്പിക്കും ഇടയിലുള്ള ചെറിയപ്പുറം പരദേവതാ ക്ഷേത്രോത്സവത്തിനിടയില്‍ ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. ആള്‍ക്കൂട്ടത്തില്‍നിന്ന് മാറി ഗാനമേള കേള്‍ക്കുന്നതിനിടെ അക്രമിയെത്തി പിറകിലൂടെ വെട്ടി വീഴ്ത്തുകയായിരുന്നു. ഗാനമേളയിലെ ശബ്ദംകാരണം അക്രമം നടന്നത് ജനങ്ങള്‍ പെട്ടെന്ന് അറിഞ്ഞിരുന്നില്ല. സത്യനാഥന്റെ പുറത്തും കഴുത്തിലും വെട്ടേറ്റതായി പൊലീസ് പറഞ്ഞു. ആക്രമണസമയം സത്യനാഥന്റെ ഭാര്യയും മക്കളും ഉത്സവപ്പറമ്പിലുണ്ടായിരുന്നു.

അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ സി.സി.ടി.വിയില്‍ അക്രമംനടന്ന കുറച്ചുഭാഗം പതിഞ്ഞതായി അറിയുന്നു. സി.സി.ടി.വിയുള്ള മുറി പോലീസ് പൂട്ടി സീല്‍ചെയ്തു.

സത്യനാഥന്റെ ഭാര്യ: ലതിക. മക്കള്‍: സലില്‍നാഥ്, സെലീന.