ആലപ്പുഴ ഹരിപ്പാടിന് സമീപം പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി തട്ടിയെടുത്ത കേസില്‍ ബിജെപി സംസ്ഥാന നേതാവും പ്രതി. ബിജെപി തമിഴ്‌നാട് സംസ്ഥാന നേതാവ് ഡോ. ദുരൈ അരസു ആണ് പ്രതിപ്പട്ടികയിലുള്ളത്. (Crores of rupees stolen by stopping parcel lorry; BJP state leader among accused) ഇയാള്‍ക്ക് വേണ്ടി പോലീസ് വ്യാപക തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
|
സംഭവത്തില്‍ രണ്ട് പ്രതികളെ കൂടി കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ബിജെപി പ്രാദേശിക നേതാവും ഉള്‍പ്പെടുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബിജെപി സംസ്ഥാന നേതാവിലേക്കുള്ള സൂചനകള്‍ ലഭിച്ചത്.
തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നാണ് പ്രതികളെ സാഹസികമായി പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടിയപ്പോള്‍ തിരുട്ടുഗ്രാമത്തിലുള്ളവര്‍ പൊലിസിനെ വളഞ്ഞെങ്കിലും പൊലീസ് പ്രതികളുമായി തന്നെ മടങ്ങി. പൊലീസ് വാഹനത്തെ തിരുട്ടുഗ്രാമവാസികള്‍ വളയുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ദിവസങ്ങളായി പൊലീസ് പ്രതികളുടെ പിന്നാലെ ആയിരുന്നു. തിരുട്ടുഗ്രാമമായ കൊല്ലിയത്ത് പ്രതികളില്‍ ചിലരുണ്ടെന്ന സൂചനകള്‍ നേരത്തെ പിടിയിലായ പ്രതികളില്‍ നിന്ന് കിട്ടിയിരുന്നു. കവര്‍ച്ച സംഘത്തിലെ മറ്റൊരു പ്രതിയെ പുതുച്ചേരിയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസില്‍ നാലുപേര്‍ പിടിയിലായി.
ആലപ്പുഴ ഹരിപ്പാടിന് സമീപം രാമപുരത്ത് വച്ച് കഴിഞ്ഞ മാസം 13നാണ് പാഴ്‌സല്‍ ലോറി തടഞ്ഞ് മൂന്നു കോടി 24 ലക്ഷം രൂപ കവര്‍ന്നത്. കോയമ്പത്തുരില്‍ നിന്ന കൊല്ലത്തേക്കാണ് പണം കൊണ്ടുപോയത്. ഈ കേസില്‍ തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ സുബാഷ് ചന്ദ്രബോസ്, തിരുകുമാര്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇവരെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാണ് പൊലീസ് മറ്റു പ്രതികളെ തേടി തമിഴ്‌നാട്ടില്‍ എത്തിയത്.
അന്വേഷണത്തിലാണ് തിരുട്ടു ഗ്രാമത്തിലെ ചിലര്‍ക്ക് കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. എട്ടു പ്രതികളാണ് കവര്‍ച്ച സംഘത്തില്‍ ഉണ്ടായിരുന്നത്. പണം കൊണ്ടുവന്ന വാഹനത്തിന്റെ റൂട്ട് മനസിലാക്കാന്‍ സംഘം കവര്‍ച്ചയ്ക്കു രണ്ട് ദിവസം മുന്‍പ് കൊല്ലത്തെത്തി. പിന്നീട് സംഘം കുറ്റാലത്തെ ലോഡ്ജിലാണ് താമസിച്ചത്. പണം തട്ടാന്‍ ഗൂഡാലോചന നടത്തിയത് തിരുപ്പൂര്‍ സതീഷ്, ദുരൈ അരസ് എന്നിവരാണ്.
മുഖ്യപ്രതികള്‍ തമിഴ്‌നാടിന്റെ അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നതായി സംശയമുണ്ട്. പ്രതികള്‍ സഞ്ചരിച്ച വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാര്‍ എറണാകുളത്തുള്ള ഒരാള്‍ വിറ്റതാണെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് എന്ന വ്യാജേനയാണ് ലോറി തടഞ്ഞ് പണം കവര്‍ന്നത്.
കൊല്ലം സ്വദേശിയായ അപ്പാസ് പാട്ടീലിന് കൈമാറാന്‍ കൊണ്ടുപോയ പണമാണ് തട്ടിയെടുത്തത്. കോയമ്പത്തൂരില്‍ ഉള്ള ബന്ധു ബിസിനസ് ആവശ്യങ്ങള്‍ക്ക് അയച്ച പണമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.





