ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന നാലര ലക്ഷത്തോളം മ്യൂള്‍(മറ്റൊരാളുടെ രേഖകള്‍ ഉപയോഗിച്ച് ആരംഭിച്ച അക്കൗണ്ട്) അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. (Cyber crimes: 4.5 lakh ‘mule’ accounts frozen) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബാങ്ക്, കാനറ ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക്, എയര്‍ടെല്‍ പേമെന്റ് ബാങ്ക് എന്നിവിടങ്ങളിലാണ് ഭൂരിഭാഗം അക്കൗണ്ടുകളും.
|
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓഡിനേഷന്‍ സെന്റര്‍(I4c) പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ കെവൈസി വിവരങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് ചെക്ക്, എടിഎം, ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയാണ് തട്ടിപ്പുകാര്‍ പണം പിന്‍വലിക്കുന്നത്.
മരവിപ്പിക്കപ്പെട്ടവയില്‍ 40,000 മ്യൂള്‍ അക്കൗണ്ടുകള്‍ എസ്ബിഐയിലാണ്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 10,000 അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കാനറ ബാങ്ക്-7000, കൊടാക് മഹീന്ദ്ര ബാങ്ക്-6000, എയര്‍ടെല്‍ പേമെന്റ് ബാങ്ക്-5000 എന്നിങ്ങനെയാണ് മറ്റു ബാങ്കുകളിലെ കണക്കുകള്‍.
2023 ജനുവരി മുതല്‍ നാഷനല്‍ സൈബര്‍ ക്രൈം റിപോര്‍ട്ടിങ് പോര്‍ട്ടലില്‍ ഒരു ലക്ഷം സൈബര്‍ പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. 17,000 കോടി രൂപയോളമാണ് കഴിഞ്ഞ ഒരു വര്‍ഷം മാത്രം തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.
ഇത്തരം മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരേ പഴുതടച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളിലെ പോലീസ് ഡിപാര്‍ട്ടമെന്റിനോട് കേന്ദ്രം നിര്‍ദേശം നല്‍കി.





