പൊന്നാനി ഹാർബറിൽ നിന്ന് പടിഞ്ഞാറെ കരയിലെക്ക് കടത്തുസർവീസ് നടത്തുന്ന വലിയ ബോട്ടിലെ വൈകുന്നേരങ്ങളിലെ സഞ്ചാരികളുടെ തിരക്ക് ഭയപ്പെടുത്തുന്നതാണ്. ഇതിൽ പതിവ് യാത്രക്കാർക്കു പുറമേ വിനോദ സഞ്ചാരികൾ കൂടി കയറുന്നതാണ് ആളുകളുടെ എണ്ണം കൂടാൻ കാരണം.
|
നിളയോരത്തെ വിനോദസഞ്ചാര ബോട്ട് സർവീസിന് ഒരാൾക്ക് 100 രൂപ മിനിമം ചാർജ് ഈടാക്കുമ്പോൾ ഈ ബോട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും പോയി വരാനായി 40 രൂപയേ വേണ്ടതുള്ളു. അതിനാൽ കുട്ടികളടങ്ങുന്ന വലിയ കുടുംബങ്ങൾ വിനോദസഞ്ചാരത്തിനായി ഈ ബോട്ട് സ്ർവീസ് തിരഞ്ഞെടുക്കുന്ന പ്രവണത വ്യാപകമാണ്.
ക്യൂ നിൽക്കുന്ന ആളുകളെ പരമാവധി ഇതിൽ കയറ്റുന്നുണ്ട്. നേരത്തെ ജങ്കാർ സർവീസ് നടത്തിയിരുന്ന റൂട്ടാണിത്. നിളയോരത്തെ ബോട്ടുകളുടെ കാര്യം എല്ലാവരും ചൂണ്ടിക്കാട്ടുമ്പോൾ അഴിമുഖം ക്രോസ് ചെയ്യുന്ന ഈ യാത്രാബോട്ട് സർവീസിലെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അധികൃതർ ഉടൻ ഉറപ്പ് വരുത്തണം. അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റാതിരിക്കുക, നിശ്ചിതസമയം കഴിഞ്ഞാൽ സർവീസ് സ്റ്റോപ്പ് ചെയ്യുക എന്നതിന് കോസ്റ്റൽ പൊലീസ് ജാഗ്രത പാലിക്കണം.
ചമ്രവട്ടം പാലം നിലവിൽ ഉള്ളതിനാൽ വൈകി വരുന്ന യാത്രക്കാർ കടത്ത് സർവീസിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ മനുഷ്യ ജീവനാണ് അത് നൽകുന്നതെന്ന് ഓർമ വേണം ബന്ധപ്പെട്ട അധികൃതർക്ക്. ലൈഫ് ജാക്കറ്റുകൾ ഇതിലെ യാത്രക്കാർക്ക് നിർബന്ധമാക്കുകയും വേണം.





