26
Jun 2024
Sun
26 Jun 2024 Sun
dead body change

കൊല്ലം: കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍നിന്ന് മൃതദേഹം ആളുമാറി നല്‍കിയത് പൊല്ലാപ്പായി. ( Dead body mistakenly change in Kollam private hospital ) പരിശോധിക്കാതെ മൃതദേഹം കൊണ്ടുപോയവര്‍ ചിതയിലേക്ക് വയ്ക്കാനൊരുങ്ങവേ യഥാര്‍ഥ ബന്ധുക്കളെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടപ്പാക്കട ലക്ഷ്മിനിവാസില്‍ ടി.എന്‍.സുന്ദരേശനും (74) കാവനാട് കയ്യാഴത്തു തെക്കതില്‍ രവീന്ദ്രനും (83) വെള്ളിയാഴ്ചയാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച്ച സംസ്‌കരിക്കാനായി കാവനാടുള്ള രവീന്ദ്രന്റെ വീട്ടുകാരാണ് ആദ്യമെത്തിയത്.

മൃതദേഹം വാങ്ങി വീട്ടിലെ കര്‍മങ്ങള്‍ക്കുശേഷം മുളങ്കാടകത്തെ ശ്മശാനത്തില്‍ സംസ്‌കരിക്കാനൊരുങ്ങവേയാണ് സുന്ദരേശന്റെ ബന്ധുക്കള്‍ എത്തിയത്. മോര്‍ച്ചറിയില്‍നിന്ന് മൃതദേഹങ്ങള്‍ ജീവനക്കാര്‍ മാറിനല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്.

രവീന്ദ്രന്റെ ബന്ധുക്കള്‍ എത്തിയപ്പോള്‍ സുന്ദരേശന്റെ മൃതദേഹമാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. പൊതിഞ്ഞു നല്‍കിയതിനാല്‍ ബന്ധുക്കള്‍ക്ക് ആളുമാറിയത് തിരിച്ചറിയാനായില്ല. പതിനൊന്നരയോടെ സുന്ദരേശന്റെ ബന്ധുക്കളും ആശുപത്രിയിലെത്തി. പൊതിഞ്ഞുനല്‍കിയ മൃതദേഹത്തിന് വണ്ണം കൂടുതല്‍ തോന്നിയത് സംശയമുയര്‍ത്തി. തുടര്‍ന്നാണ് പൊതി അഴിച്ച് പരിശോധന നടത്തിയത്. 25 വര്‍ഷം മുന്‍പ് യന്ത്രത്തില്‍ കുടുങ്ങി സുന്ദരേശന്റെ ഇടതു കൈയുടെ ചൂണ്ടുവിരലടക്കം നാലു വിരലുകള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. ഇത് കണ്ടെത്താനാകാതെ വന്നതോടെ മാറിവാങ്ങിയ മൃതദേഹം ആശുപത്രിയില്‍ തിരികെ കൊടുത്തു.

എന്നാല്‍, ആരാണ് സുന്ദരേശന്റെ മൃതദേഹം കൊണ്ടുപോയതെന്ന് വ്യക്തമാവാത്താത് ആശയക്കുഴപ്പം സൃഷ്ടിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞ കൊല്ലം മുന്‍ മേയര്‍ രാജേന്ദ്രബാബുവും അന്വേഷണം നടത്തി. പ്രായമുള്ള ഒരാളിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ മുളങ്കാടകത്തു കൊണ്ടുവന്നെന്നറിഞ്ഞ് ബന്ധുക്കള്‍ അങ്ങോട്ടേക്കു പോയി. അവിടെയെത്തിയപ്പോള്‍ ആദ്യം രവീന്ദ്രന്റെ ബന്ധുക്കള്‍ മൃതദേഹം വിട്ടുനല്‍കിയില്ല. വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഒടുവില്‍ അപകടത്തില്‍പ്പെട്ട സുന്ദരേശന്റെ കൈപ്പത്തി ചൂണ്ടിക്കാട്ടിയാണ് മൃതദേഹം മാറിയതായി ബോധ്യപ്പെടുത്തിയത്.

രവീന്ദ്രന്റെ മൃതദേഹം രണ്ടാമത് കര്‍മങ്ങള്‍ നടത്തിയശേഷം രണ്ടുമണിയോടെ മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരേതയായ സുദര്‍ശനമണിയാണ് രവീന്ദ്രന്റെ ഭാര്യ. മക്കള്‍: മിനി, സിനി, വിനു. മരുമക്കള്‍: പ്രദീപ്, മോഹന്‍, ചിപ്പി.

സുന്ദരേശന്റെ മൃതദേഹം ശനിയാഴ്ച രണ്ടുമണിയോടെ പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: കെ.ഗിരിജ. മക്കള്‍: സുരേഷ്ബാബു, സീമാസുന്ദര്‍. മരുമക്കള്‍: വി.എസ്.മഞ്ജു (ദുബായ്), പി.ഷാജി (ഫോര്‍മാന്‍, ഗവ. പോളിടെക്നിക് കോളേജ്, നെടുമങ്ങാട്).