26
Jun 2024
Sat
26 Jun 2024 Sat
RSS weapon training in karivellur

കരിവെള്ളൂര്‍(കണ്ണൂര്‍): കരിവെള്ളൂര്‍ കുണിയനില്‍ ബിജെപി നേതാവിന്റെ വീട്ടുപറമ്പില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തിയെന്നാരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വീട് വളഞ്ഞു. (deadly-weapons-discovered-in-bjp-leader’s-house in Karivellur ) വ്യാഴാഴ്ച്ച രാത്രി ബിജെപി മണ്ഡലം കമ്മിറ്റിയംഗം കുണ്ടത്തില്‍ ബാലന്റെ (സലോറ ബാലന്‍) വീട്ടിലാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനങ്ങളില്‍ അപരിചിതര്‍ ദുരൂഹസാഹചര്യത്തില്‍ വന്നതറിഞ്ഞാണ് സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്തെത്തിയത്. ചെറുകാനം, ചീറ്റ, സ്വാമിമുക്ക്, ആലന്തട്ട, ആലക്കാട് തുടങ്ങിയ പ്രദേശങ്ങളിലുള്ള ക്രിമിനല്‍ സംഘങ്ങളില്‍പ്പെട്ടവരാണ് ആയുധപരിശീലനത്തിന് എത്തിയതെന്ന് സിപിഎം ആരോപിക്കുന്നു.

വീടിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആയുധങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടുവളഞ്ഞ് ബിജെപി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 6 സിപിഎം പ്രവര്‍ത്തകരെയും കണ്ടാലറിയാവുന്ന 100 പേരെയും പ്രതിചേര്‍ത്ത് പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ആയുധങ്ങള്‍ കണ്ടെടുത്തതിനു സ്വമേധയാ കേസെടുത്ത പൊലീസ് ആരെയും പ്രതിചേര്‍ത്തിട്ടില്ലെന്നാണ് അറിയുന്നത്. വീടനകത്തുണ്ടായിരുന്നവരെ പൊലീസ് ഇടപെട്ടാണു രക്ഷിച്ചത്.

ഇന്‍സ്പെക്ടര്‍ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തില്‍ വെള്ളി രാവിലെ നടത്തിയ പരിശോധനയിലാണ് വീട്ടുപറമ്പില്‍നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തത്. രാത്രികാലങ്ങളില്‍ അപരിചിതര്‍ വന്നുപോകുന്ന ഇവിടെ ബോംബുനിര്‍മാണമുണ്ടെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നതായും സിപിഎം ആരോപിക്കുന്നു.

അതേ സമയം, ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ മണ്ഡലം കമ്മിറ്റി യോഗത്തിനെത്തിയവരെ രാത്രി നൂറിലേറെ സിപിഎം പ്രവര്‍ത്തകരെത്തി തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തതായാണ് ബിജെപിയുടെ ആരോപണം. രാവിലെ ബാലന്റെ വീട്ടുവളപ്പില്‍ ചാക്കില്‍ കെട്ടിയ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നുവെന്നും ഇവ സിപിഎമ്മുകാര്‍ വീട്ടുവളപ്പില്‍ ഉപേക്ഷിച്ചതാണെന്നും ബിജെപി അവകാശപ്പെടുന്നു.