യുവതി വയറിനുള്ളില്‍ സൂക്ഷിച്ചത് 13 കോടി രൂപയുടെ കൊക്കെയിന്‍; വയറിളക്കി 95 ഗുളികകള്‍ പുറത്തെടുത്തു
|
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായ ടാന്‍സാനിയന്‍ യുവതി വയറ്റില്‍ ഒളിപ്പിച്ചിരുന്ന 13 കോടിയിലേറെ രൂപയുടെ കൊക്കെയ്ന്‍ എട്ട് ദിവസത്തെ ശ്രമത്തിനൊടുവില്‍ പൂര്‍ണമായി പുറത്തെടുത്തു. 1.342 കിലോ വരുന്ന 95 കൊക്കെയിന്‍ ഗുളികകളാണ് പുറത്തെടുത്തത്. ഇതിന് വിപണിയില്‍ ഏകദേശം 13 കോടി രൂപ വില വരും.
കൊക്കെയിന്‍ ഗുളികരൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ടാന്‍സാനിയന്‍ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരെ ഈ മാസം 16നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) യൂണിറ്റ് കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയത്.
ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തില്‍നിന്ന് 19 കോടി വിലവരുന്ന 1.945 കിലോ കൊക്കെയിന്‍ പുറത്തെടുത്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇരുവരില്‍ നിന്നുമായി മൊത്തം 32 കോടി രൂപയുടെ കൊക്കെയിനാണ് പിടികൂടിയിരിക്കുന്നത്. ഇരുവരെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി പഴവര്‍ഗങ്ങള്‍ നല്‍കി വയറിളക്കിയാണ് കൊക്കെയിന്‍ പുറത്തെടുത്തത്.
കഴിഞ്ഞ 16നാണ് എത്യോപ്യയില്‍നിന്ന് ദോഹ വഴി ഇന്‍ഡിഗോ വിമാനത്തില്‍ ഇരുവരും നെടുമ്പാശേരിയിലെത്തിയത്. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന വെറോണിക്കയെ ചൊവ്വാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
DRI recovers cocaine worth 13.4cr from Tanzanian woman





