|
അങ്കോല: അങ്കോല മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. കരയോട് ചേര്‍ന്ന മണ്ണിനടില്‍ നിന്ന് വടം കണ്ടെത്തി. ലോറിയില്‍ തടി കെട്ടിയതിന്റെ വടമാണോ എന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തെരച്ചിലില്‍ രാത്രിയിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ തയ്യാറെടുപ്പുകളോടെ ഇന്ന് നടത്തിയ തിരച്ചിലിലാണ് നിര്‍ണായക വഴിത്തിരിവുണ്ടായത്.
അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചു. ഈ യന്ത്രം ഉപയോഗിച്ച് 60 അടിവരെ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്. ആവശ്യമെങ്കില്‍ തിരച്ചിലിനായി ഒരു യന്ത്രം കൂടി എത്തിക്കുമെന്ന് എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
രാവിലെ എത്തിച്ചേരേണ്ടിയിരുന്ന യന്ത്രം വാഹനത്തിന്റെ തകരാര്‍ മൂലമാണ് വൈകിയത്. റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലമാകും യന്ത്രം കൊണ്ട് പരിശോധിക്കുന്നത്. മണ്ണിടിഞ്ഞ് പുഴയിലേക്ക് വീണ ഭാഗത്ത് റഡാര്‍ ഉപയോഗിച്ച് പരിശോധനയും നടത്തുന്നുണ്ട്. ഷിരൂരില്‍ ഇടവിട്ടു മഴ പെയ്യുന്നതാണ് രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നത്.
ഗംഗാവലി പുഴയില്‍ എന്‍ഡിആര്‍എഫ് തിരച്ചില്‍ നടത്തുന്നുണ്ട് ഹെലികോപ്റ്റര്‍ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡും പരിശോധന നടത്തുന്നുണ്ട്.
തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ലോറി കണ്ടെത്തിയെന്ന അഭ്യൂഹങ്ങളും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ലോറി കണ്ടെത്തിയതിന് ഇതുവരെ കൃത്യമായ സ്ഥിരീകരണമില്ലെന്ന് സംഭവ സ്ഥലത്തുള്ള മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്‌റഫ് പറഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങളില്‍നിന്ന് പതിവില്‍നിന്ന് വിപരീതമായ ചില ആത്മവിശ്വാസം തനിക്ക് തോന്നിയതായും അഷറഫ് പ്രതികരിച്ചു. കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഒമ്പതാം ദിവസമാണ് തുടരുന്നത്.
driver arjun rescue mission ankola landslide


