ഇടുക്കി: കട്ടപ്പനയിലെ ഇരട്ടകൊലപാകത്തിൽ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സാഗര ജങ്ഷനിലെ വീടിന്റെ തറ കുഴിച്ചുനടത്തിയ പരിശോധനയിൽ ഒരാളുടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കൊല്ലപ്പെട്ട വിജയൻറേതെന്ന് കരുതുന്ന പാൻറ്സ്, ഷർട്ട്, ബെൽറ്റ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. വിജയനെ തലയ്ക്കടിച്ചു കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക പൊലീസ് നേരത്തേ കണ്ടെടുത്തിരുന്നു.(dual murder in kattappana police recovered human skull and bones)
|
ഞായർ രാവിലെയാണ് പൊലീസ് പ്രതി നിതീഷിനെ തെളിവെടുപ്പിനെത്തിച്ചത്. വിജയനെ കൊലപ്പെടുത്തി മുറിക്കുള്ളിൽ കുഴിച്ചിട്ടെന്നായിരുന്നു പ്രതികളായ നിതീഷും വിജയിന്റെ മകൻ വിഷ്ണുവും മൊഴി നൽകിയത്. കേസിൽ വിജയൻറെ ഭാര്യ സുമയെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.
അതേസമയം നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിലും പൊലീസ് നിതീഷുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 2016ൽ കട്ടപ്പന സാഗര ജങ്ഷനിലുള്ള വീട്ടിൽ താമസിക്കുമ്പോഴാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി തൊഴുത്തിൽ കുഴിച്ചുമൂടിയത്. കേസിൽ മരിച്ച വിജയനും ഇയാളുടെ മകൻ വിഷ്ണുവിനും പങ്കുണ്ട്.
വിജയൻറെ മകളിൽ നിതീഷിനു ജനിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം. സാഗര ജങ്ഷനിലെ വർക് ഷോപ്പിൽ മോഷണം നടത്തുന്നതിടെ പിടിയിലായ നിതീഷിനെയും വിഷ്ണുവിനെയും ചോദ്യം ചെയ്തപ്പോഴായിരുന്നു ഇരട്ടകൊലപാതകത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. വിഷ്ണുവിന്റെ സുഹൃത്താണ് നിതീഷ്.





