ഹൈദരാബാദ്: കേരളത്തിലടക്കം കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഹൈദരാബാദ് സ്വദേശിനി നൗഹിര ശൈഖിന്റെ ഉടമസ്ഥതയിലുള്ള ഹീരാ ഗ്രൂപ്പിന്റേ 33.6 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമപ്രകാരം 24 സ്ഥാവര സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയത്. 33.6 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണിതെന്ന് ഇ.ഡി അറിയിച്ചു. 367 കോടി കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
|
ഹീരാ ഗ്രൂപ്പ് കമ്പനികൾക്കും മാനേജിംഗ് ഡയറക്ടർ നൗഹേര ശൈഖിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇ.ഡി അന്വേഷിച്ചുവരികയാണ്. പ്രതിവർഷം 36 ശതമാനമെന്ന അവിശ്വസനീയവും അസാധാരണവുമായ വരുമാനം വാഗ്ദാനം ചെയ്താണ് ഹീരാ ഗ്രൂപ്പ് ആയിരക്കണക്കിന് കോടി രൂപ നിക്ഷേപമായി പിരിച്ചെടുത്തത്. ജനങ്ങളെ കബളിപ്പിച്ച് കരസ്ഥമാക്കിയ കോടികളുടെ ഒരു ഭാഗം ഉപയോഗിച്ച് നൗഹീര ശൈഖ് സ്വന്തം പേരിലും കമ്പനികളുടെ പേരിലും വിവിധ സ്ഥാവര സ്വത്തുക്കൾ വാങ്ങിയതായാണ് ആരോപണം.
നൗഹീര ശൈഖ്, ഹീരാ ഗ്രൂപ്പ് കമ്പനികൾ, ഹൈദരാബാദ് ആസ്ഥാനമായുള്ള എസ്.എ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ്, ബംളൂരു നീലാഞ്ചൽ ടെക്‌നോക്രാറ്റ്‌സ് ്രൈപവറ്റ് ലിമിറ്റഡ് എന്നിവയാണ് തട്ടിപ്പിലൂടെ കോടികൾ സ്വരൂപിച്ചത്. കേസിൽ ഇ.ഡിയുടെ അറസ്റ്റിലായ നൗഹിര ഇപ്പോൾ ജാമ്യത്തിലാണ്. ഇവർക്കൊപ്പം അറസ്റ്റിലായ പ്രൈവറ്റ് സെക്രട്ടറി മോളി തോമസ്, ഭർത്താവ് ബിജു തോമസ് എന്നിവരും ജാമ്യത്തിലാണ്. മലബാറിൽ ഹീരാ ഗ്രൂപ്പ് 25 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടത്തിയത്. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു.
മജ്‌ലിസേ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി ഉൾപ്പെടെയുള്ളവരുടെ പരാതിയാണ് നൗഹീരയ്‌ക്കെതിരേയുള്ളത്.





