|
തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. യൂണിറ്റിന് പത്തു പൈസ മുതല്‍ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയെക്കും.
കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വൈദ്യുതി നിരക്കിൽ സൗജന്യം അനുവദിക്കുന്നതും സർക്കാരിൻ്റെ പരിഗണനയിലുണ്ട്. വൈദ്യുതി നിരക്ക് വർധനയ്ക്ക് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയിൽ നിരക്ക് വർദ്ധനവ് സംബന്ധിച്ച് തീരുമാനവും എടുത്തു.
കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് മൂന്നുവര്‍ഷത്തെ നിരക്ക് വര്‍ധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. അടുത്തവര്‍ഷം 20 പൈസയും 2026–27 സാമ്പത്തികവര്‍ഷം രണ്ടുപൈസയും കൂട്ടണമെന്നായിരുന്നു നിര്‍ദ്ദേശം. വേനൽ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന ആവശ്യവും കെഎസ്ഇബി മുന്നോട്ടുവച്ചു.
നിരക്ക് വര്‍ധനയ്ക്ക് നിരവധി കാരണങ്ങളാണ് ബോര്‍ഡ് പറയുന്നത്. ആഭ്യന്തര ഉത്പാദനത്തിലെ കുറവ്, പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിലെ ചെലവ് വര്‍ധന, പ്രവര്‍ത്തന, പരിപാലന ചെലവുകള്‍ എന്നിങ്ങനെയാണ് നിരക്ക് വര്‍ധനവിലെ കാരണങ്ങളായി വൈദ്യുതി ബോര്‍ഡ് പറയുന്നത്.
നവംബര്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. ജനുവരി മുതല് മെയ് വരെ യൂണിറ്റിന് പത്ത് പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്ക് വര്‍ധനയാണ് കെഎസ്ഇബിയുടെ ആവശ്യം.
വൈദ്യുതി നിരക്ക് കൂടുന്നത് സാധാരണക്കാരന് കനത്ത തിരിച്ചടിയാകും. നിത്യോപകയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെയാണ് ഇരുട്ടടിയാണ് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടാനുള്ള തീരുമാനം.





