01
May 2023
Wed
01 May 2023 Wed

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കുമെന്നും എന്നാൽ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകൾ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

നഗര- ഗ്രാമ വ്യത്യസമില്ലാതെ 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചത്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ ക്യാമറകൾ പിടികൂടുന്നത്. ട്രയൽ റൺ നടത്തിയപ്പോൾ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നിയമലംഘനങ്ങൾ ആവർത്തിച്ചാൽ കോടികളാകും പിഴയിലൂടെ സർക്കാർ ഖജനാവിലേക്കെത്തുക. നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും.