അങ്കാറ: ഫലസ്തീനെതിരായ ആക്രമണം ഇനിയും തുടരാന്‍ അനുവദിക്കാനാവില്ലെന്നും ഗസാവിഷയത്തില്‍ ഇടപെടുമെന്നും തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. (Erdogan’s warning that he will intervene in the Gaza issue ) ലിബിയയിലും നഗോര്‍ണോ-കറാബാക്കിലും ചെയ്തതുപോലെ ഇസ്രായേലിലും ഇടപെടുമെന്നാണ് ഉര്‍ദുഗാന്റെ മുന്നറിയിപ്പ്. എന്നാല്‍, ഏത് തരത്തിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
|
രാജ്യത്തിന്റെ പ്രതിരോധ വ്യവസായത്തെ പ്രശംസിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെയാണ് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയത്. ”ഫലസ്തീന് നേരെ ഇസ്രായേലിന് ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ കഴിയാത്തവിധം നമ്മള്‍ വളരെ ശക്തരായിരിക്കണം. കറാബാക്കിലും ലിബിയയിലും നാം ഇടപെട്ടത് പോലെ ഇസ്രായേലിലും ചെയ്‌തേക്കാം’ -അദ്ദേഹം ജന്മനാടായ റൈസില്‍ ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ യോഗത്തില്‍ പറഞ്ഞു. ”ഇത് ചെയ്യാതിരിക്കാന്‍ നമുക്ക് ഒരു ന്യായവുമില്ല. നടപടി സ്വീകരിക്കാന്‍ നാം ശക്തരായിരിക്കണം” -യോഗത്തില്‍ ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.
2020-ല്‍, ഐക്യരാഷ്ട്രസഭ അംഗീകരിച്ച ലിബിയന്‍ സര്‍ക്കാറിനെ പിന്തുണച്ച് തുര്‍ക്കിയ സൈനികരെ ലിബിയയിലേക്ക് അയച്ചിരുന്നു. നഗോര്‍ണോ-കറാബാക്കില്‍ അസര്‍ബൈജാന്‍ സൈനിക നീക്കം നടന്നപ്പോള്‍ തുര്‍ക്കിയ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും സൈനിക പരിശീലനമടക്കം നല്‍കിയ വാര്‍ത്തകളും പുറത്തുവന്നിരുന്നു.
ഉര്‍ദുഗാന്റെ പ്രസ്താവനക്കെതിരെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് രംഗത്തുവന്നു. സദ്ദാം ഹുസൈന്റെ വഴിയാണ് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പിന്തുടരുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സദ്ദാമിന് എന്താണ് സംഭവിച്ചതെന്നും എങ്ങനെ അവസാനിച്ചുവെന്നും അദ്ദേഹത്തിന് ഓര്‍മ വേണമെന്നും ഇസ്രായേല്‍ കാറ്റ്‌സ് എക്സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
ALSO READ: മുഹമ്മദ് ദഹ്‌ലാനെ ഇറക്കി ഗസാ നിയന്ത്രണം പിടിക്കാന്‍ യുഎസ്-ഇസ്രായേല്‍-യുഎഇ പദ്ധതി
എന്നാല്‍, ഇതിന് ശക്തമായ മറുപടിയുമായി തുര്‍ക്കിയ വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ രംഗത്തെത്തി. വംശഹത്യക്ക് നേതൃത്വം നല്‍കിയ ഹിറ്റ്ലറുടെ അന്ത്യം പോലെ തന്നെയായിരിക്കും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അന്ത്യവുമെന്നായിരുന്നു ഹകാന്റെ മുന്നറിയിപ്പ്.
‘വംശഹത്യക്കു നേതൃത്വം നല്‍കിയ ഹിറ്റ്ലറുടെ അന്ത്യം പോലെ വംശഹത്യക്കാരനായ (ഇസ്രായേല്‍ പ്രധാനമന്ത്രി) ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അന്ത്യവും സംഭവിക്കും. (ജര്‍മനിയില്‍ ജൂതര്‍ക്ക് നേരെ) വംശഹത്യ നടത്തിയ നാസികളെ പോലെ, ഫലസ്തീനികളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരും ഉത്തരവാദികളായിരിക്കും. മനുഷ്യത്വം ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കും. നിങ്ങള്‍ക്ക് ഫലസ്തീനികളെ നശിപ്പിക്കാന്‍ കഴിയില്ല. നമ്മുടെ പ്രസിഡന്റ് മനുഷ്യത്വത്തിന്റെയും മനഃസാക്ഷിയുടെയും ശബ്ദമാണ്. ഈ ന്യായമായ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍, പ്രത്യേകിച്ച് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സയണിസ്റ്റുകള്‍ വലിയ പരിഭ്രാന്തിയിലാണ്. എല്ലാ വംശഹത്യ കുറ്റവാളികളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും ചരിത്രം ഒരുപോലെയാണ് അവസാനിച്ചത്’ -തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ പറഞ്ഞു.
ഗസയില്‍ ആക്രമണം തുടങ്ങിയതുമുതല്‍ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് തുര്‍ക്കിയ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാര്‍ വരെ ഉര്‍ദുഗാന്‍ ഇടപെട്ട് റദ്ദാക്കിയിരുന്നു. ഗസ്സക്ക് ടണ്‍ കണക്കിന് സഹായ ഹസ്തവും തുര്‍ക്കിയ എത്തിച്ചിരുന്നു. എന്നാല്‍, സൈനികമായ ഇടപെടലിന് ഇതുവരെ തുര്‍ക്കിയ മുതിര്‍ന്നിട്ടില്ല.


