16
Jul 2024
Mon
16 Jul 2024 Mon
Mohammed Dahlan

ദുബൈ: യുദ്ധം അവസാനിച്ചാല്‍ ഫലസ്തീന്റെ നിയന്ത്രണത്തിന് ഒരു ദേശീയ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കങ്ങളുമായി അമേരിക്കയും ഇസ്രായേലും യുഎഇയും. (US-Israel-UAE plan take control of Gaza using  Mohammad Dahlan ) തങ്ങളുടെ വരുതിയില്‍ നിര്‍ത്താവുന്ന ഫലസ്തീന്‍ നേതാക്കളെയും ബിസിനസുകാരെയും ഉള്‍പ്പെടുത്തിയുള്ള കമ്മിറ്റി രൂപീകരിക്കാനാണ് ലക്ഷ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാടുകടത്തപ്പെട്ട മുന്‍ ഫത്ഹ് നേതാവ് മുഹമ്മദ് ദഹ്‌ലാനെ മുനിര്‍നിര്‍ത്തിയാണ് യുഎഇ-യുഎസ്-ഇസ്രായേല്‍ നീക്കം. ദഹ്‌ലാനെ പിന്തുണയ്ക്കുന്ന നേതാക്കളെ ഉള്‍പ്പെടുത്തിയായിരിക്കും കമ്മിറ്റി. ക്രമേണ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ മാറ്റി ദഹ്‌ലാനെ അവരോധിക്കാനും പദ്ധതിയുണ്ടെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു.

പദ്ധതി അംഗീകരിക്കുന്നതിന് ഈജിപ്തും ജോര്‍ദാനും 88 വയസ്സുള്ള അബ്ബാസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് റിപോര്‍ട്ട്. ഖത്തറിനെയും പദ്ധതിയുടെ ഭാഗമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഈ ശുപാര്‍ശ അംഗീകരിക്കാന്‍ ഹമാസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഖത്തറിനെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. എന്നാല്‍, ഖത്തര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല.

ALSO READ: ഗസയില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹമാസും ഫത്ഹും കരാറിലെത്തി; ഗസ നിയന്ത്രിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിന് തിരിച്ചടി

നിലവില്‍ യുഎഇയില്‍ താമസിക്കുന്ന ദഹ്‌ലാന്‍ മേഖലയില്‍ വന്‍കിട ബിസിനസുകള്‍ നടത്തുന്ന വ്യാപാരിയാണ്. 2007ല്‍ ഹമാസ് ഗസയുടെ നിയന്ത്രണം പിടിക്കുന്ന സമയത്ത് ഫലസ്തീന്‍ അതോറിറ്റിയുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. 2011ല്‍ അഴിമതിയും ആഭ്യന്തര അട്ടിമറി ശ്രമവും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ദഹ്‌ലാന്‍ നാടുകടത്തപ്പെട്ടത്.
Palestinians injured during an Israeli strike on the Khadija school housing displaced people

ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട നേതാക്കളെ സംബന്ധിച്ച് കഴിഞ്ഞയാഴ്ച്ചകളില്‍ യുഎഇ പ്രതിനിധികളും ദഹ്‌ലാനും ചര്‍ച്ച നടത്തിയതായും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. മേഖലയിലെ യുഎസ് എംബസികളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധമുള്ള ബിസിനസുകാരാണ് പ്രധാനമായും പട്ടികയിലുള്ളത്.

സ്ഥിരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം, അറബ്-അന്താരാഷ്ട്ര സൈനിക സഖ്യത്തിന് ഗസയിലേക്ക് പ്രവേശനം അനുവദിക്കുക എന്നതായിരിക്കും പുതുതായി രൂപീകരിക്കുന്ന കമ്മിറ്റിയുടെ ആദ്യ ദൗത്യം. യുഎന്നിലെ യുഎഇയുടെ മുന്‍ അംബാസഡര്‍ ലന നുസൈബ സൈനിക സഖ്യം രൂപീകരിക്കുന്ന പദ്ധതിയെ കുറിച്ച് ഈയിടെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ യുഎഇയിലെ രാഷ്ട്രീയ കാര്യ സഹമന്ത്രിയാണ് ലന.

ഗസയില്‍ ദഹ്‌ലാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ അവരോധിക്കുകയും ശേഷം മഹ്‌മൂദ് അബ്ബാസിനെ നീക്കി ഫലസ്തീന്റെ മൊത്തം നിയന്ത്രണം ഏറ്റെടുക്കുകയുമാണ് ലക്ഷ്യമിടുന്നത്.

ഇസ്രായേലിന്റെ യുദ്ധ ലക്ഷ്യം രാഷ്ട്രീയ വഞ്ചനയിലൂടെ നേടിയെടുക്കാനുള്ള നീക്കമായാണ് ഹമാസ് ഇതിനെ കാണുന്നത്. സൈനിക നീക്കത്തില്‍ പരാജയപ്പെട്ട ഇസ്രായേല്‍, ചില അറബ് രാജ്യങ്ങളെയും ദഹ്‌ലാനെപ്പോലുള്ള ഫലസ്തീന്‍ നേതാക്കളെയും കൂട്ടുപിടിച്ച് അത് നേടിയെടുക്കാന്‍ ഗൂഡാലോചന നടത്തുകയാണെന്നും ഹമാസ് കരുതുന്നു.