
തൃശൂർ: ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചെന്ന് ആരോപിച്ച് യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് ചേർപ്പ് സ്വദേശിനി അഞ്ജനയെ അറസ്റ്റ് ചെയ്തത്. മദ്യപാനം പ്രോൽസാഹിപ്പിക്കൽ, മദ്യ ഉപയോഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവ തടയാൻ അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പു ചുമത്തിയാണ് അറസ്റ്റ്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
തൃശൂർ കുണ്ടോളിക്കടവ് കള്ളുഷാപ്പിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം കള്ളുകുടിക്കുന്ന വീഡിയോ ആണ് യുവതി റീലായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതത്. ഇൻസ്റ്റഗ്രാമിൽ റീച്ച് കുട്ടാനാണ് യുവതി ഇത് ചെയ്തതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
യുവതിയെ അറസ്റ്റ് ചെയ്ത എക്സൈസ് നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ എക്സൈസിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. മദ്യപാന രംഗങ്ങൾ നിയമപരമായ മുന്നറിയിപ്പില്ലാതെ കാണിക്കുന്നതു കുറ്റകരമാണെന്നാണ് എക്‌സൈസിന്റെ പ്രതികരണം.