കോഴിക്കോട്: സംസ്ഥാനത്ത് വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇരു മുന്നണികളുടെയും വിജയ പ്രതീക്ഷയും അവകാശവാദങ്ങളും പൊടിപൊടിക്കുകയാണ്. യുഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ച ഈസി വാക്കോവര്‍ ഇക്കുറി കോണ്‍ഗ്രസ് നേതാക്കള്‍ പോലും പ്രതീക്ഷിക്കുന്നില്ല. ( Fierce battle in last lap at state; SDPI vote will be decisive in seven constituencies )
|
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ തരംഗവും ന്യൂനപക്ഷം ഒന്നടങ്കം അനുകൂലമായി വോട്ട് ചെയ്തതുമാണ് യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ലഭിക്കാന്‍ കാരണമായത്. എന്നാല്‍, ഇത്തവണ സംസ്ഥാനത്ത് രാഹുല്‍ തരംഗമില്ല. 2019ല്‍ യുഡിഎഫിനൊപ്പം നിന്ന എപി വിഭാഗം ഇക്കുറി എല്‍എഡിഎഫുമായി ധാരണയുണ്ടാക്കിയതായാണ് അറിയുന്നത്. ഇകെ സമസ്തയില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇടതിന് ലഭിച്ചേക്കും.
ഈ സാഹചര്യത്തില്‍ മലബാറില്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 13 മണ്ഡലങ്ങളിലെങ്കിലും കടുത്ത പോരാട്ടം നടക്കുന്നതായാണ് സൂചന. ഇതില്‍ ഏഴ് മണ്ഡലങ്ങളിലെങ്കിലും എസ്ഡിപിഐ പിന്തുണ നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന്റെ തലേന്നും വോട്ട് യുഡിഎഫിന് തന്നെ എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് എസ്ഡിപിഐ.
പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും പ്രാദേശിക തലങ്ങളില്‍ പല മണ്ഡലങ്ങളിലും യുഡിഎഫ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ചില മണ്ഡലങ്ങൡ എങ്കിലും എസ്ഡിപിഐ യുഡിഎഫിന് വേണ്ടി പരസ്യമായി വീടുകള്‍ കയറി ഇറങ്ങുകയും ചെയ്യുന്നുണ്ട്. എല്‍ഡിഎഫിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ തുറന്നുകാട്ടിയും കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞും സോഷ്യല്‍ മീഡിയയിലും പ്രവര്‍ത്തകര്‍ സജീവമാണ്.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കാസര്‍കോഡ്, കണ്ണൂര്‍, വടകര, ആറ്റിങ്ങല്‍, പത്തനം തിട്ട, ആലപ്പുഴ, കൊല്ലം മണ്ഡലങ്ങളില്‍ എസ്ഡിപിഐ പിന്തുണ യുഡിഎഫിന് നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. എസ്ഡിപിഐ 20 മണ്ഡലങ്ങളിലും മല്‍സരിച്ച 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോഡ്-9713 , കണ്ണൂര്‍-19170, വടകര-15058, ആറ്റിങ്ങല്‍- 11225, പത്തനംതിട്ട- 11353, ആലപ്പുഴ- 10993, കൊല്ലം-12812 എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്. 2015 ല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് 45 ജനപ്രതിനിധികളുണ്ടായിരുന്നത് 2020ല്‍ 103 ആയി വര്‍ധിപ്പിക്കാനും സാധിച്ചിരുന്നു. ഈ കണക്കുകള്‍ വച്ച് തങ്ങളുടെ വോട്ടുകള്‍ ഇപ്പോള്‍ ഇരട്ടയിലേറെ ആയിട്ടുണ്ടെന്ന് എസ്ഡിപിഐ അവകാശപ്പെടുന്നു.
കഴിഞ്ഞ തവണ 40,438 വോട്ടിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ജയിച്ച കാസര്‍കോഡ് ഇക്കുറി ഏത് വിധേനയും മണ്ഡലം പിടിച്ചെടുക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ് എല്‍ഡിഎഫ്. അടുക്കും ചിട്ടയോടും കൂടിയ പ്രവര്‍ത്തനത്തിലൂടെ എല്‍ഡിഎഫ് നേരിയ മേല്‍ക്കൈ നേടുകയും ചെയ്തിട്ടുണ്ട്. ഇവിടെ എസ്ഡിപിഐയുടെ 20,000ഓളം വോട്ടുകള്‍ നിര്‍ണായകമാവും.
2019ല്‍ കെ സുധാകരന്‍ 94,559 വോട്ടിന് ജയിച്ച കണ്ണൂരില്‍ ഇക്കുറി എം വി ജയരാജന്‍ കടുത്ത ഭീഷണിയാണ് യുഡിഎഫിന് ഉയര്‍ത്തുന്നത്. അവസാന ലാപ്പില്‍ എല്‍ഡിഎഫ് നേരിയ മൈല്‍ക്കൈ നേടിയിട്ടുണ്ട്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സ്വാധീനിക്കുന്ന ന്യൂനപക്ഷ വോട്ടുകളിലാണ് സുധാകരന്റെ പ്രതീക്ഷ.
ശൈലജ ടീച്ചറുടെ ജനപ്രിയതയും ഷാഫി പറമ്പിലിന്റെ ആവേശ തിരയിളക്കിയുള്ള പ്രചാരണവും ബലാബലം നില്‍ക്കുന്ന വടകരയില്‍ പ്രവചനം അസാധ്യമാണെന്നതാണ് അവസാന മണിക്കൂറുകളിലെ സ്ഥിതി. ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഇവിടെ ഇരുമുന്നണികളും. വടകരയില്‍ കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ തങ്ങള്‍ക്കുണ്ടെന്നാണ് എസ്ഡിപിഐ അവകാശപ്പെടുന്നത്. ഇത് മുഴുവന്‍ പെട്ടിയില്‍ വീണാല്‍ ഷാഫി നേരിയ മേല്‍ക്കൈ നേടിയേക്കും.
കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച ഒരേയൊരു മണ്ഡലമായ ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ വിജയപ്രതീക്ഷയിലാണ്.2014ല്‍ ഈ മണ്ഡലത്തില്‍ എസ്ഡിപിഐ പതിനായിരത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു. കഴിഞ്ഞ തവണ ആരിഫ് 10,474 വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്്. എസ്ഡിപിഐക്ക് പതിനായിരത്തിലേറെ വോട്ടുകള്‍ ഉള്ള പത്തനംതിട്ടയിലം കൊല്ലത്തും സ്ഥിതി വ്യത്യസ്ഥമല്ല.





